എടത്വ: പട്ടയത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ തടയുന്നുവെന്ന് പരാതി. തലവടി കുതിരച്ചാൽ പട്ടികജാതി ഉന്നതി നിവാസികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ. കുന്നുമാടി പ്രദേശത്തെ 70 കുടുംബങ്ങളാണ് പട്ടയത്തിനായി നെട്ടോട്ടമോടുന്നത്. നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിന്റെ പട്ടയം കിട്ടണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല.
കോളനി നിവാസികൾ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഏതാനും കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ താത്കാലിക കൈവശരേഖ നൽകിയിരുന്നു.
എന്നാൽ, ഇതുപയോഗിച്ച് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനുള്ള ബാങ്ക് ലോണിനോ, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളപ്പൊക്ക സീസണിൽ ഏറ്റവും നാശം വിതയ്ക്കുന്ന പ്രദേശത്തെ താമസക്കാരുടെ കുടിലുകൾ വെള്ളത്തിൽ പൂർണമായി മുങ്ങും.
ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പോലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വെള്ളം കയറാതെ വീട് ഉയർത്തിപ്പണിയുന്നതിന് പഞ്ചായത്തിൽനിന്നും അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ പട്ടയം ഇല്ലാത്തതിനാൽ സാധിക്കാറില്ല.
പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ അടക്കം അപേക്ഷ നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് കോളനി നിവാസികൾ പറയുന്നു. കുതിരച്ചാൽ പ്രദേശത്തെ താമസക്കാരിയായ അമ്പിളിയുടെ കുടുംബം പതിറ്റാണ്ടിലേറെയായി ഉന്നതിയിൽ താമസിക്കുന്നുണ്ട്. പട്ടയത്തിനു പകരം താത്കാലിക കൈവശരേഖ മാത്രമാണുള്ളത്.
പട്ടയം ഇല്ലാത്തതിനാൽ ബാങ്ക് ലോൺ ലഭിക്കാത്ത അവസ്ഥയാണ്. കോളനിയിലെ ബഹുഭൂരിപക്ഷം താമസക്കാരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ്.
പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി വികസന കമ്മീഷണർക്കും ഉന്നതിയിലെ താമസക്കാർ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് തലവടി വില്ലേജ് ഓഫീസിൽനിന്ന് താത്കാലിക കൈവശാവകാശ രേഖ നൽകിയത്.
സംസ്ഥാനത്ത് പട്ടയ വിതരണം ദ്രുതഗതിയിൽ നടക്കുകയാണെന്ന് സർക്കാർ പറയുമ്പോഴും നൂറ്റാണ്ടുകൾ പഴക്കമുള്ള കുതിരച്ചാൽ പട്ടികജാതി ഉന്നതിയിലെ പട്ടയത്തിനായി കാത്തിരിപ്പ് തുടരുകയാണ്.

