ബെർലിൻ: ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.
44 കാരനായ നഴ്സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയിൽ പറയുന്നു. മാരകമായ മരുന്നുകൾ കുത്തിവച്ചാണ് നഴ്സ് കൊലപാതകം നടത്തിയത്.
2023 ഡിസംബർ മുതൽ 2024 മേയ് വരെ ജർമനിയിലെ ആച്ചനിനടുത്തുള്ള വുർസെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിതമായ രീതിയിൽ വേദനസംഹാരികൾ നൽകിയായിരുന്നു കൊലപാതകം.
രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായ രോഗികൾക്ക് വലിയ അളവിൽ ലഹരിമരുന്നുകളോ വേദന സംഹാരികളോ പ്രതിയായ നഴ്സ് കുത്തിവച്ചുവെന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മോർഫിനും മിഡാസോലവും പ്രതി ഉപയോഗിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ.

