കൊല്‍ക്കത്ത: ബംഗാളിലെ എല്ലാ വോട്ടർമാരും എസ്ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്നും മമത പറഞ്ഞു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനർജിക്ക് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് വിശദീകരണവുമായി മമതതന്നെ രംഗത്തെത്തിയത്.
വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽനിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത പൂർണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മമതാ ബാനർജി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഹിംഗ്യകൾ, ബംഗ്ലാദേശികൾ, പാക്കിസ്ഥാനികൾ എന്നിവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതുവരെ താൻ എസ്ഐആർ പൂരിപ്പിക്കില്ലെന്നാണ് അവർ പറയാൻ ആഗ്രഹിച്ചതെന്ന് ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ പറഞ്ഞു.

