വൈപ്പിൻകരയിലെ തീരഭൂമിയിൽ പിറന്ന മദർ ഏലിശ്വ എന്ന പ്രകാശഗോപുരം കാലത്തിലേക്ക് വീശിയെറിഞ്ഞ വെട്ടത്തിൽ എത്ര സന്യാസിനികൾ ഈ മലയാളക്കരയിലൂടെ സുകൃതം പകർന്നു പോയെന്നും എത്ര വിദ്യാർഥിനികൾ വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിന്റെ വിജയതീരങ്ങളിൽ നങ്കൂരമിട്ടുവെന്നും ആർക്കും തിട്ടപ്പെടുത്താനാവില്ല. തീരഭൂമിയിലെ വിളക്കുമാടമായിരുന്ന മദർ ഏലീശ്വ ആകട്ടെ, യാതൊരു അവകാശവാദങ്ങളുമില്ലാതെ നിശബ്ദവെട്ടമായി ഇക്കാലമത്രയും നിലകൊള്ളുകയും ചെയ്തു.
മദർ ഏലീശ്വ മലയാളക്കരയിലെ ആദ്യത്തെ കത്തോലിക്കാ സന്യാസിനീസഭയുടെയും കേരളത്തിലെ പെണ്വിദ്യാഭ്യാസ ചരിത്രത്തിൽ അതിനിർണായക പങ്കു വഹിച്ചിട്ടുള്ള കോണ്വെന്റ് സ്കൂളുകളിൽ ആദ്യത്തേതിന്റെയും സ്ഥാപകയാണ്. സ്ത്രീസൗഹാർദപരമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യയിലൂടെ സമഹൂത്തിന്റെ ഉമ്മറത്തേക്ക് സ്ത്രീസമൂഹത്തെ നയിച്ച്, കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് അതീവ നിശബ്ദമായി ചുക്കാൻ പിടിച്ച വനിത. ചരിത്രത്തിലെ നാഴികക്കല്ലുകൾ സ്വന്തമായിരുന്നിട്ടും നിശബ്ദ തപസ്വിനിയെ പോലെ, അവസാനശ്വാസംവരെ ആവൃതിമൗനത്തിനുള്ളിൽ കഴിഞ്ഞുകൂടിയെന്നതാണ് മദറിന്റെ മഹത്വം.
ഒന്നേ മുക്കാൽ നൂറ്റാണ്ടു പഴക്കമുണ്ട്, മദർ ഏലീശ്വയുടെ സന്യാസ സപര്യക്ക്. 1851ൽ ഭർത്താവ് വത്തരു മരണമടയുകയും ഒന്നര വയസുള്ള മകൾ അന്നയുമായി ഇരുപതുകാരി എലീശ്വ വിധവയായി തീരുകയും ചെയ്ത കാലം മുതൽ മദർ ഏലീശ്വയുടെ ജീവിതത്തെക്കുറിച്ചും ആധ്യാത്മികതയെക്കുറിച്ചുമുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത് മദർ ഏലീശ്വ സ്ഥാപിച്ച ടിഒസിഡി നാൾവഴിപ്പുസ്തങ്ങളിലൂടെയും സന്യാസിനീസഭയുടെ ആരംഭകാലത്ത് ആത്മീയഗുരുവായിരുന്ന ഇറ്റലിക്കാരൻ ഫാ. ലിയോപോൾഡ് ഒസിഡിയുടെ കത്തുകളിലൂടെയും മദറിന്റെ ഇളയ സഹോദരനും പുരുഷന്മാർക്കായുള്ള ടിഒസിഡി സഭയിലെ ആദ്യവൈദികനുമായിരുന്ന ഫാ. ലൂയീസ് വൈപ്പിശേരിയുടെയും അദ്ദേഹത്തിന്റെ സഹായിയായിരുന്നു ബ്രദർ ലിയോപോൾഡിന്റെയും രചനകളിലൂടെയാണ്.
മദർ ഏലീശ്വ നവസന്ന്യാസിനികൾക്കായി എഴുതിവച്ച പ്രബോധനപരമായ രചനകളും ധ്യാനക്കുറിപ്പുകളും വിശുദ്ധമായ ആ ആന്തരിക ലോകത്തിലേക്ക് വാതിൽ തുറക്കുന്നു. ചെറുപ്രായം മുതൽ, ദൈവകൃപയുടെ അടയാളമുദ്ര പതിഞ്ഞ ഒരാളെപ്പോലെയാണ് ഏലീശ്വ തിരുക്കർമങ്ങളിൽ പങ്കെടുത്തിരുന്നതെന്ന് സാക്ഷ്യങ്ങളുണ്ട്. അസാധാരണമായ ദൈവസ്നേഹം അവളുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ ശക്തമായി നിലനിന്നിരുന്ന ആ കാലഘട്ടത്തിൽപോലും സുവിശേഷത്തിന്റെ അരൂപി സ്വന്തമാക്കിയിരുന്ന ഏലീശ്വ ദരിദ്രരോടും താഴ്ന്ന ജാതിയിൽപെട്ടവരോടും കാരണ്യവും സമഭാവനയും പ്രദർശിപ്പിച്ചു.
ഋഷിമാരെപ്പോലെ ധ്യാനാത്മക ജീവിതം നയിക്കണം എന്നൊരാഗ്രഹം ചെറുപ്രായത്തിൽതന്നെ ഏലീശ്വയിൽ എങ്ങനെയോ നാന്പെടുത്തിരുന്നെങ്കിലും പെണ്സന്ന്യാസത്തിന്റെ വിദൂരസാധ്യത പോലും മലയാളക്കരയിൽ ഇല്ലാത്ത കാലമായിരുന്നു അത്.
പതിനാറാം വയസിൽ, കൂനമ്മാവിലെ പ്രമുഖ കുടുംബമായ വാകയിൽ വീട്ടിൽനിന്ന് കല്യാണാലോചന വന്നപ്പോൾ മാതാപിതാക്കളുടെ ഹിതം ദൈവഹിതമായി സ്വീകരിച്ച് ഏലീശ്വ സമ്മതം മൂളി. 1847ലായിരുന്നു വിവാഹം. സന്പന്നനായ സുഗന്ധവ്യഞ്ജന വ്യാപാരിയായിരുന്ന വറീതിന്റെ മകൻ വത്തരു ആയിരുന്നു വരൻ.
1850 ഏപ്രിൽ 21ന് അവർക്ക് അന്ന എന്ന മകൾ ജനിച്ചു. ഏലീശ്വായുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട സംഭവങ്ങൾ ആരംഭിക്കുന്നത് 1851ലാണ്. അജ്ഞാതമായൊരു രോഗബാധയാൽ വത്തരു ആകസ്മികമായി മരണമടഞ്ഞപ്പോൾ ഏലീശ്വയ്ക്ക് ഇരുപതും മകൾ അന്നയ്ക്ക് ഒന്നര വയസുമായിരുന്നു പ്രായം.
പെണ്കുട്ടികൾ ദാന്പത്യജീവിതം തുടങ്ങുന്ന പ്രായത്തിൽ കൈക്കുഞ്ഞുമായി ഈ ഭൂമിയിൽ ഒറ്റപ്പെട്ടു പോയ ആ പാവപ്പെട്ട വിധവ വേർപാടിന്റെ ആ മഹാവേദനയിൽ സെന്റ് ഫിലോമിനാസ് പള്ളിയിൽ, ദിവ്യസക്രാരിക്കു മുന്നിലാണ് മിഴിനീർക്കണങ്ങൾ ചൊരിഞ്ഞത്.
ഭർതൃഗേഹത്തിൽ തന്നെ താമസിച്ച്, വീട്ടുജോലികൾ എല്ലാം ചെയ്തു തീർത്ത ശേഷം ഏലീശ്വ ശബ്ദവും തിരക്കുമൊഴിഞ്ഞ ഏതെങ്കിലുമൊരു മുറിയുടെ മൂലയിൽ ഏകാന്ത തപസും പ്രാർഥനയുമായി കഴിഞ്ഞുകൂടി. സന്ന്യാസജീവിതത്തിനു വേണ്ടി ദാഹിച്ച അവൾ തനിക്ക് വന്ന പുനർവിവാഹാലോചനകളെല്ലാം വിനയപൂർവം നിരസിച്ചു.
ഏകമകൾ അന്ന കണ്ടു വളർന്നത് അമ്മയുടെ താപസ ജീവിതമാണ്. തപസിനൊപ്പം കാരുണ്യവും നന്മകളും വർധിക്കുന്നതു കണ്ടപ്പോൾ അന്നയ്ക്കും അമ്മയെപോലെയാകണം എന്നായി. അവൾ അമ്മയ്ക്കൊപ്പം സന്യാസ ജീവിതം കൊതിച്ചു.
ഒപ്പമിരുന്ന് പ്രാർഥനയിലും ധ്യാനത്തിലും പങ്കാളിയായി വാകയിലെ മാളികവീട്ടിൽ ഏകാന്തതപസിന് അനുയോജ്യമായ നിശബ്ദത ലഭിക്കുന്നില്ലെന്ന് കണ്ട് ഏലീശ്വ തന്റെ വാസം വീട്ടുവളപ്പിൽ തന്നെയുള്ള ഒരു കളപ്പുരയിലേക്ക് മാറ്റി. വൈകാതെ ആ ധാന്യപ്പുര ഏലീശ്വയുടെ ധ്യാനപ്പുരയായി മാറി.
പ്രാർഥനയുടെ ഫലങ്ങൾ കാരുണ്യമായി, സ്നേഹമായി ഫലം ചൂടിയപ്പോൾ, ഏലീശ്വായുടെ സഹോദരിയും അക്കാലത്ത് കൗമാരക്കാരിയുമായിരുന്ന ത്രേസ്യയും അവർക്കൊപ്പം കൂടി. അങ്ങനെ ഒരു വിധവയും അവരുടെ മകളും ചേർന്ന് ധാന്യങ്ങൾ സൂക്ഷിക്കുന്ന കളപ്പുരയിൽ പരിത്യാഗത്തിന്റെ അരൂപിയിൽ ജീവിതം ആരംഭിച്ചു.
കളപ്പുരയിലെ ജീവിതം തുടരുന്പോഴും ഇനിയും എന്തോ ചെയ്യാൻ ബാക്കിയുണ്ട് എന്നൊരു അപൂർണതാബോധം ഏലീശ്വയുടെ മനസിനെ അസ്വസ്ഥമാക്കി. ഇറ്റലിക്കാരനായ നിഷ്പാദുക കർമലീത്താ വൈദികൻ ഫാ. ലിയോപോൾഡിനോട് കുന്പസാരക്കൂട്ടിൽ വച്ച് ഏലീശ്വ തന്റെ ആത്മാവിലെ നിഗൂഢവും വിശുദ്ധവുമായ ചിന്തകളും സ്പന്ദിക്കുന്ന ആഗ്രഹങ്ങളും വെളിപ്പെടുത്തി. പരിശുദ്ധാത്മാവിന്റെ അനുരണനങ്ങൾ തിരിച്ചറിഞ്ഞ ഫാ. ലിയോപോൾഡ് തുടർന്നുള്ള നാളുകളിൽ ഏലീശ്വായുടെ ജീവിതം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം സന്ന്യാസ ജീവിതം ആരംഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കുകയും ചെയ്തു.
ഫാ. ലിയോപോൾഡ് കൂനമ്മാവിൽ സന്ന്യാസ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏലീശ്വയുടെ കാര്യം ആർച്ച്ബിഷപ് ബെർണദീൻ ബച്ചിനെല്ലിയെ അറിയിച്ചു. ഏലീശ്വയുടെ ജീവിത വിശുദ്ധിയെക്കുകുറിച്ച് ഫാ. ലിയോപോൾഡിൽനിന്ന് വിശദമായി ചോദിച്ചറിഞ്ഞ ആർച്ച്ബിഷപ് ബച്ചിനെല്ലി സ്വന്തം നിലയ്ക്കും അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടു.
പുതിയ സന്യാസസഭയ്ക്ക് അനുവാദവും നൽകി. ഏലീശ്വയുടെ മകൾ അന്നയ്ക്ക് പൈതൃക സ്വത്തായി ലഭിച്ച കഷണ്ടിയാൻ പറന്പിലാണ് സ്ത്രീകൾക്കായുള്ള കേരളത്തിലെ പ്രഥമ സന്യാസിനീ സഭയുടെ ആദ്യത്തെ മഠം പണിതത്.
1866 ഫെബ്രുവരി 12ന് ആർച്ച്ബിഷപ് ബച്ചിനെല്ലി ഏലീശ്വ, മകൾ അന്ന, സഹോദരി ത്രേസ്യ എന്നിവർ ആദ്യ അംഗങ്ങളായി ഈ സന്ന്യാസിനീസഭയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകി. ഫെബ്രുവരി 13ന് ഇവർ മഠത്തിൽ താമസമാരംഭിച്ച് ചരിത്രം കുറിച്ചു. പരിശുദ്ധ മറിയത്തിന്റെ സിസ്റ്റർ ഏലീശ്വ, തിരുഹൃദയത്തിന്റെ സിസ്റ്റർ അന്ന, ഈശോയുടെ സിസ്റ്റർ ത്രേസ്യ എന്നിങ്ങനെ പേര് സ്വീകരിച്ചാണ് അവർ സന്ന്യാസം തുടങ്ങിയത്.
അതിവേഗം ആത്മീയ ഉന്നതിയിലേക്ക് കുതിച്ച സന്യാസിനികളുടെ വിശുദ്ധിയുടെ സൗരഭ്യം പരന്നപ്പോൾ പുതിയ അംഗങ്ങൾ മഠത്തിൽ ചേരാനെത്തി. അവരിൽ ആദ്യത്തെയാൾ വൈക്കത്തുനിന്നെത്തി സിസ്റ്റർ ക്ലാര എന്ന പേര് സ്വീകരിച്ച അച്ചാമ്മ പുത്തനങ്ങാടി ആയിരുന്നു.
റീത്തു ഭേദമില്ലാതെ, സ്നേഹത്തിന്റെ പൂർണതയിൽ കേരളത്തിലെ ആദ്യത്തെ സന്ന്യാസിനീ സമൂഹം വളർന്നു. ഏലീശ്വയുടെയും അന്നയുടെയും കൈയിലുണ്ടായിരുന്ന പണം കൊടുത്ത് വാങ്ങിയ തളിച്ചുവാപറന്പ് എന്ന ഭൂമിയിൽ പുതിയ കെട്ടിടം സ്ഥാപിച്ച് 1857 മാർച്ച് 27ന് അവിടേക്ക് കന്യാസ്ത്രീകൾ താമസം മാറി.
1868ൽ കേരളത്തിലെ ആദ്യത്തെ കോണ്വെന്റ് സ്കൂൾ സ്ഥാപിച്ചുകൊണ്ട് മദർ ഏലീശ്വ മാറ്റൊരു സുപ്രധാന ചരിത്രം കൂടി കുറിച്ചു. ജൂലൈ 20ന് ആർച്ച്ബിഷപ് ബച്ചിനെല്ലിയുടെ ഉത്തരവനുസരിച്ച് സ്ഥാപിതമായ ആ വിദ്യാലയം പിൽക്കാലത്തെ കേരളത്തിലെ സ്ത്രീശക്തീകരണത്തിനും അറിവിന്റെ വിപ്ലത്തിനും ഇന്ധനം പകർന്നു.
മലയാളം, തമിഴ് ഭാഷകൾ കൂടാതെ ശാസ്ത്രവും പാചകവും കരകൗശല വിദ്യകളും ഈ വിദ്യാലയത്തിൽ പെണ്കുട്ടികളെ പഠിപ്പിച്ചിരുന്നു.1890 മാർച്ച് 24ലെ പ്രൊപ്പഗാന്ത ഫിദെയുടെ ഉത്തരവനുസരിച്ച് കൂനമ്മാവ് മഠം തൃശൂർ വികാരിയാത്തിന്റെ കീഴിൽ വന്നതോടെ മദർ ഏലീശ്വയും ലത്തീൻ റീത്തിൽ നിന്നുള്ള സഹോദരിമാരും കൂനമ്മാവ് മഠം വിട്ട് എറണാകുളത്തേക്ക് പോരേണ്ടി വന്നു.
ആർച്ച്ബിഷപ് ലെയൊനാർദൊ മെല്ലാനൊ അവർക്കായി വരാപ്പുഴയിൽ ഒരുക്കിയ പുതിയ മഠത്തിൽ മദർ ഏലീശ്വയും അഞ്ച് സന്യാസിനികളും താമസമാക്കി. അതായിരുന്നു ടിഒസിഡി സന്യാസിനീസഭയുടെ രണ്ടാമത്തെ മഠം. വരാപ്പുഴയിൽ തുടരുകയും വളരുകയും ചെയ്ത സന്ന്യാസിനികളുടെ സമൂഹം കോണ്ഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമെലൈറ്റ്സ് (സിടിസി) എന്ന പേരിലാണ് അറിയപ്പെട്ടത്. കൂനമ്മാവിൽ ആരംഭിച്ചിരുന്ന സ്ത്രീശാക്തികരണ പദ്ധതികളെല്ലാം മദർ ഏലീശ്വ വരാപ്പുഴയിലും തുടർന്നു. 82-ാമത്തെ വയസിൽ 1913 ജൂലൈ 18ന് ഈ തപസ്വിനി നിത്യതയിലേക്ക് യാത്രയായി.
അഭിലാഷ് ഫ്രേസർ

