വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായിയോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ മലയാളി വംശജൻ വിവേക് രാമസ്വാമിയെ പിന്തുണയ്ക്കുന്നതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു.
മുപ്പത്തിയെട്ടുകാരനായ രാമസ്വാമി കരുത്തുറ്റ യുവാവും നല്ലൊരു രാജ്യസ്നേഹിയുമാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ഒഹായിയോ സംസ്ഥാനത്തെ കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ക്രമസമാധാന നില ഉറപ്പാക്കാനും അദ്ദേഹത്തിനു കഴിയുമെന്നും കൂട്ടിച്ചേർത്തു.
അടുത്ത വർഷം നവംബറിലാണ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികൾ മേയിൽ ആരംഭിക്കും. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ മൈക് ഡിവൈൻ ആണ് ഗവർണർ. രാമസ്വാമി കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.

