ചെന്നൈ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യയും ലെസ്ബിയൻ പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ്. സംഭവത്തിൽ യുവാവിന്റെ ഭാര്യ ഭാരതി, ലെസ്ബിയൻ പങ്കാളി സുമിത്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഈമാസം അഞ്ചിന് കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിലായിരുന്നു സംഭവം.
മുലപ്പാൽ കുടിക്കുന്നതിനിടെ ആൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ കുഞ്ഞു മരിച്ചെന്ന് വരുത്തിത്തീർത്തു. പിന്നീട്, കുഞ്ഞിന്റെ സംസ്കാരവും നടത്തി.
തന്റെ മകനെ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് സുരേഷ് പോലീസിൽ പരാതിപ്പെട്ടതോടെ ദാരുണമായ കൃത്യത്തിന്റെ ചുരുളഴിയുകയായിരുന്നു.
ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പങ്കാളിയായ സുമിത്രയോടൊപ്പമുള്ള ഫോട്ടോഗ്രാഫുകളും കൊലപാതകം ആസൂത്രണം ചെയ്യുന്ന ശബ്ദസന്ദേശങ്ങളും കണ്ടെത്തി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി ഭാരതിയും സുമിത്രയും ലെസ്ബിയൻ പങ്കാളികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കും ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം ലഭിക്കാതെ വന്നപ്പോൾ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

