കൊച്ചി: ജിഎസ്ടി റെയ്ഡുകളും പോലീസ് റിക്കവറിയും കൊണ്ട് പൊറുതിമുട്ടി അരക്ഷിതാവസ്ഥയിലായ സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മോഷണ സ്വര്‍ണം പോലീസ് റിക്കവറി നടത്തുന്നത് പരമ്പരാഗത വ്യാപാര മേഖലയില്‍ നിന്ന് മാത്രമാണ്.
എടുക്കാത്ത സ്വര്‍ണത്തിന്റെ പേരില്‍ അനാവശ്യമായി പോലീസ് സ്റ്റേഷനുകളില്‍ ബന്ദിയാക്കി റിക്കവറി നടത്തുന്നു. എന്നാല്‍ പഴയ സ്വര്‍ണവും, മോഷണ സ്വര്‍ണവും കൂടുതല്‍ പോകുന്ന അനധികൃത മേഖലയെ പോലീസ് തെരയുന്നില്ല. മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പഴയ സ്വര്‍ണം എടുക്കുമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്കി പോസ്റ്ററുകള്‍ പതിച്ചു അനധികൃത മേഖല തഴച്ചു വളരുകയാണ്.
ഇവരെ അമര്‍ച്ച ചെയ്യുവാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സ്വര്‍ണ വ്യാപാര മേഖലയിലെ വാര്‍ഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന സര്‍ക്കാരിന്റെ നിഗമനം സ്വര്‍ണ വ്യാപാരികളെ നികുതിവെട്ടിപ്പ്കാരായി ചിത്രീകരിക്കപ്പെടുന്നതില്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ ആയ്മുഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം.വിനീത്, വൈസ് പ്രസിഡന്റുമാരായ സ്കറിയാച്ചന്‍ കണ്ണൂര്‍, സക്കീര്‍ ഹുസൈന്, ഫൈസല്‍ അമീന്, രത്നകലാ രത്നാകരന്, അബ്ദുള്‍ അസീസ് ഏര്‍ബാദ്, പി.ടി. അബ്ദുറഹ്മാന് ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എം. സി.ദിനേശന്,എസ്. പളനി, അഹമ്മദ് പൂവില്‍, സി.എച്ച്. ഇസ്മായില്‍, നിതിന്‍ തോമസ്, കെ.ടി. അക്ബര്‍, ഷഫീഖ് എഎച്ച്എം ഹുസൈന്, സിറിയക് ജോസഫ്,യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡണ്ട് സലാം ഹൈറ ജനറല്‍ സെക്രട്ടറി ജംഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

