കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്ത റവന്യൂ ഉദ്യോഗസ്ഥന് പിഴ ചുമത്തി ഹൈക്കോടതി.കോട്ടയം ഡെപ്യൂട്ടി കളക്ടറും പാലക്കാട് മുന്‍ ആര്‍ഡിഒയുമായ എസ്. ശ്രീജിത് 10,000 രൂപ അപേക്ഷകന് നല്‍കണം. അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
പാലക്കാട് കണ്ണാടി സ്വദേശി സി. വിനുമോന്റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കോടതിയില്‍ കഴമ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ച ശ്രീജിത്തിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിന് നിർദശം നല്കി.
ഹര്ജിക്കാരന് ഉടമയായ അഞ്ച് സെന്റ് സ്ഥലം തരംമാറ്റുന്നതിനാണ് പാലക്കാട് ആര്‍ഡിഒയ്ക്ക് അപേക്ഷന ല്കിയത്. വര്‍ഷങ്ങളായി തരിശായികിടക്കുന്ന ഭൂമിയാണ്. എന്നാല്‍ ഭൂമി കൃഷിയോഗ്യമാണെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇതിനെതിരേ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതേ വാചകങ്ങള്‍ തന്നെ രേഖപ്പെടുത്തി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹര്ജിക്കാരന് വീണ്ടും കോടതിയെ സമീപിച്ചത്.
ഫോറം 5 അപേക്ഷകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരേ സ്വഭാവമുള്ള ഉത്തരവാണിറക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. കോടതി ഉത്തരവിട്ടിട്ടും നടപടിയില്ല. എന്നെ തല്ലേണ്ടമ്മവാ, ഞാന്‍ നന്നാകില്ല എന്ന മനോഭാവമാണ് 90 ശതമാനം ഉദ്യോഗസ്ഥരും പുലര്‍ത്തുന്നത്. അതിനാല്‍ അശ്രദ്ധ കാണിച്ചാല്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം പോകുമെന്ന സ്ഥിതി ഭാവിയിലും ഉണ്ടാകണം.
ഈ കേസിലെ ഉത്തരവ് ചീഫ്സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.രണ്ടാം വട്ടം ഹര്‍ജിക്കാരന്റെ അപേക്ഷ വന്നപ്പോള്‍ ഇലക്ഷന് തിരക്കിലായിരുന്നുവെന്നും ജൂനിയര്‍ സൂപ്രണ്ട് തയാറാക്കിയതില്‍ ഒപ്പിടുക മാത്രമാണുണ്ടായതെന്നും ആര്‍ഡിഒ മറുപടി നല്കി. ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരമൊരു സത്യവാങ്മൂലം അമ്പരപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി.

