കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം.
വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും.
പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

