കൊച്ചി: കൊച്ചീന്നൊരു കാക്കവന്നു,
കൊയിലാണ്ടിൽ കൂടുകെട്ടി…
കണ്ണൂര് മുട്ടയിട്ടു…
ക്രാം ക്രാം ക്രാം…
കുഞ്ഞുനാളിൽ കേട്ടുപഠിച്ച മുത്തശിപ്പാട്ടുകളിലൊന്ന് സിപ്പിമാഷ് പുതിയ കുട്ടികൾക്കു മുന്നിൽ അവരിലൊരാളായി ആഹ്ലാദത്തോടെ പാടി… മാഷിന്റെ ഈണത്തിലും താളത്തിലും അതിയായ സന്തോഷത്തോടെ കുട്ടികൾ ഉറക്കെ അതേറ്റുപാടി….
മലയാള ബാലസാഹിത്യശാഖയിലെ തലമുതിർന്ന കവിയുടെ പാട്ടുകൾ കേട്ടുപാടുമ്പോൾ, കുട്ടികളുടെ മുഖങ്ങളിലും അത്യപൂർവമായ ആഹ്ലാദവും ആനന്ദവും.പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ‘വാങ്മയം’ പരിപാടിയിലാണു ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സ്കൂൾ വിദ്യാർഥികൾക്കൊപ്പം, കുട്ടിക്കവിതകളുടെയും എഴുത്തിന്റെയും വിശേഷങ്ങളുമായി മനസുതുറന്നത്.
സിപ്പി മാഷിനോടൊപ്പം ഇത്തിരി സാഹിത്യചിന്തകൾ എന്ന പേരിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സംവാദത്തിൽ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെത്തി.
കുട്ടികൾക്ക് ആസ്വദിക്കാവുന്ന ചെറുകവിതകൾ, എഴുത്തിത്തുടങ്ങിയ കാലത്തുനിന്നു വർത്തമാനകാലത്തേക്കെത്തിയപ്പോൾ പുതുതലമുറയ്ക്കു നഷ്ടമാകുന്ന മനസുകളിലെ കുട്ടിത്തം, കവിതയെഴുത്തിന്റെ രസതന്ത്രം… എന്നിവയെല്ലാം സിപ്പിമാഷ് പങ്കുവച്ചു.
കുട്ടികൾക്കായുള്ള കഥകളും കവിതകളുമെല്ലാം പ്രസിദ്ധീകരിച്ചിരുന്ന മാസികയ്ക്കായുള്ള കുഞ്ഞുനാളിലെ കാത്തിരിപ്പും അതു കിട്ടുന്പോഴുള്ള ആവേശത്തോടെയുള്ള വായനയും വലിയ സന്തോഷമായിരുന്നെന്ന് സിപ്പിമാഷ്.
അമ്മൂമ്മ ഏലീശ്വ പഠിപ്പിച്ച മുത്തശ്ശിക്കഥകളും വായ്ത്താരികളും കവിതകളുമാണ് 1979 മുതൽ കുട്ടികൾക്കായുള്ള എഴുത്തിലേക്കു കൈപിടിച്ചത്. കുട്ടികൾക്കായി എത്രത്തോളം എഴുതിയെന്നറിയില്ല…. ആയിരക്കണക്കിനു കവിതകളും അവചേർത്തു നൂറുകണക്കിനു പുസ്തകങ്ങളും എഴുതിയ സിപ്പിമാഷ് പറഞ്ഞു.
തുമ്പിയുടെയും തുന്പപ്പൂവിന്റെയും പിന്നാലെ പായാനും പൂക്കളെ നോവിക്കാതെ താലോലിക്കാനും ഇന്നു കുട്ടികൾക്കു നേരവും മനസുമില്ലെന്ന വേവലാതിയും കവി പങ്കുവച്ചു. എങ്കിലും ഇന്നും ബാലസാഹിത്യത്തിനു നിരവധി വായനക്കാരുണ്ടെന്നതു പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
ഡോ. തോമസ് പനക്കളം മോഡറേറ്ററായി. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ എന്നിവർ പ്രസംഗിച്ചു.
കവിയുടെ എഴുത്തുവഴികളെക്കുറിച്ചു വിദ്യാർഥികൾക്കും ചോദിക്കാനുണ്ടായിരുന്നു. എഴുത്തിന്റെ പ്രചോദനം, ഇഷ്ടപ്പെട്ട കവിത, പുതിയ തലമുറയ്ക്കുള്ള ഉപദേശം…. ഇങ്ങനെ നീണ്ടു കുട്ടികളുടെ ചോദ്യങ്ങൾ. എല്ലാത്തിനും കവിതയിൽ ചാലിച്ച് മാഷിന്റെ മധുര മറുപടികളും.

