തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റ് മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ശബരിമലയിലെ കട്ടിള പാളി സ്വര്‍ണം പൂശാന്‍ അപേക്ഷ നല്‍കിയത് ദേവസ്വംമന്ത്രിക്കും സര്ക്കാരിനുമാണെന്നാണ് പത്മകുമാര്‍ ഇന്നലെ അനേഷണസംഘത്തിന് മൊഴി നല്‍കിയത്. കടകംപള്ളിക്ക് ഈ വിഷയത്തില്‍ പ്രത്യേകം താല്പര്യം ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചു അറിയണം. അതിനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്.
ഉണ്ണി കൃഷ്ണന് പോറ്റിയും കടകംപള്ളിയും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് അനേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുക. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നല്‍കാനാണ് ആലോചന. തിങ്കളാഴ്ച പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ അനേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
ദേവസ്വംമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിര്ദേശനുസരണമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് പത്മകുമാര്‍ അനേഷണ സംഘത്തോട് പറഞ്ഞത്. സ്വര്‍ണപ്പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേവസ്വം ബോര്‍ഡിന്റേതു സ്വതന്ത്ര തീരുമാനമാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അപേക്ഷ സര്‍ക്കാര്‍ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോര്‍ഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കും.

