കോട്ടയം: ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അല്‍ക്ക വോട്ടു ചോദിക്കുകയാണ്. നാടിന്റെയും നഗരത്തിന്റെയും സമഗ്രവികസനവും ഒപ്പം നഗരത്തെക്കുറിച്ചുള്ള ഭാവി ആശയങ്ങളുമാണ് അല്‍ക്ക പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് കോട്ടയം നഗരസഭ 15-ാം വാര്‍ഡായ കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസ് എന്ന 23 കാരി.
സിറ്റിംഗ് കൗണ്‍സില്‍ മെംബറായ യുഡിഎഫിലെ ജൂലിയസ് ചാക്കോയുടെ മകളാണ്. ഇത്തവണ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ അല്‍ക്ക സ്ഥാനാര്‍ഥിയായി. ആലുവ യുസി കോളജില്‍നിന്നു ബിരുദവും ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ പിജിയും നേടി. ആലുവ യുസി കോളജില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹിയായതിനൊപ്പം കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു.
നെറ്റ് പരീക്ഷ പാസായി അധ്യാപനത്തിന് ശ്രമിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയായത്. പിതാവ് ജൂലിയസ് മൂന്നു തവണ കൗണ്‍സിലറായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കുഴി വാര്‍ഡ്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജൂലിയസാണ്. കോട്ടയം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരി അജിമോളാണ് അമ്മ. അശ്വിനാണ് സഹോദരന്. നിമ്മി ടി. നിര്‍മല ഇട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്നു പ്രഖ്യാപിക്കും.

