കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കോന്തുരുത്തി സ്വദേശി ജോര്‍ജിനെ (61)എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നലെ രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്കു കൊണ്ടുവന്നത്.
വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇരുമ്പിന്റെ ആയുധം കൊണ്ട് തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ട് വലിച്ചിഴച്ച് പുറത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാൽ കുഴഞ്ഞുപോയി. പിന്നീടാണ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങിയത്.
ഇന്ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തപ്പാടുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടെ തല മുതല്‍ അരവരെയുള്ള ഭാഗം ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു. അരയ്ക്കുകീഴോട്ട് നഗ്നമായ നിലയിലായിരുന്നു. ഡിവിഷന് കൗണ്‍സിലറും പ്രദേശവാസികളും അടുത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തന്നെയൊന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കാമോയെന്നു ചോദിച്ചു. ഉടന്‍തന്നെ കൗണ്‍സിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം ഇവിടെ താമസിക്കുകയാണ്. ഇയാള്‍ പ്രായമായവരെ നോക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.എന്നാല്‍ മകളുടെ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ജോര്‍ജും ഭാര്യയും പാലായിലെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തിയിരുന്നു. ഭാര്യ മകളുടെ വീട്ടില്‍ തന്നെ നിന്നു. ഇവരുടെ മകന് യുകെയിലാണ്. ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ഇന്നലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായാണ് സംശയം. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നിന് സമീപത്തെ വീടുകളില്‍ ചാക്ക് അന്വേഷിച്ച് ജോര്‍ജ് എത്തിയിരുന്നുവെന്നു പറയുന്നു. ചത്ത് കിടക്കുന്ന നായയെ മൂടിയിടാനാണെന്ന് പ്രദേശ വാസികളോടു പറഞ്ഞെങ്കിലും ആരുടെയും വീടുകളില്‍ ചാക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ഇയാള്‍ കടയില്‍ നിന്ന് ചാക്ക് വാങ്ങിയെന്നും പറയുന്നു. ഈ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നുവെന്ന് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇതര സംസ്ഥാന ത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് സംഭവവത്തിൽ പങ്കില്ലെന്ന് മനസിലായി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്വന്തം ലേഖിക

