തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.
ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.

