വാഷിംഗ്ടൺ: യുക്രെയ്നെതിരേ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരേ വിമർശനവുമായി രംഗത്തെത്തിയത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് യുക്രെയ്ൻ ഭരണകൂടത്തിന് ട്രംപ് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം. സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

