ഡൽഹിയിലെ വിഷവായുവിനെതിരേപ്രതിഷേധിച്ചയാളെ നിലത്തമർത്തി ശ്വാസംമുട്ടിക്കുന്ന പോലീസിന്റെ ഫോട്ടോയിൽ തെളിയുന്നത് ന്യായമായ സമരങ്ങളെപ്പോലുംഅടിച്ചമർത്തുന്ന ഭരണകൂടമാണ്. ജനാധിപത്യത്തിന്റെ ആൽബത്തിലെ കറുത്ത ചിത്രം.
ജോർജ് ഫ്ലോയ്ഡിനെ മറന്നോ? കടയിൽ 20 ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് 2020 മേയിൽ അമേരിക്കയിലെ മിനസോട്ടയിൽ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കറുത്ത വർഗക്കാരൻ! “എനിക്കു ശ്വാസം മുട്ടുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്ന ജോർജിന്റെ മരണഫ്രെയിം കണ്ട ലോകം ജനാധിപത്യ അമേരിക്കയിലെ വർണവെറിയെയും ഭരണകൂട അതിക്രമങ്ങളെയും ചോദ്യംചെയ്തു.
പക്ഷേ, ഇതാ ജനാധിപത്യത്തിന്റെ ആൽബത്തിലെ ഈ കറുത്ത ചിത്രം ഇന്ത്യയിലേതാണ്. മാരക വായുമലിനീകരണത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു സമീപം സമരത്തിനെത്തിയവരിലൊരാളെ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ കൈകൊണ്ടു നിലത്തു തലയമർത്തിപ്പിടിച്ച് ഇരിക്കുന്ന പോലീസുകാരന്റെ ഫോട്ടോ.
പറഞ്ഞുവരുന്നത്, വായുമലിനീകരണത്തെക്കുറിച്ചല്ല, പ്രതിഷേധങ്ങളുടെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യ മലിനീകരണത്തെക്കുറിച്ചാണ്. പ്രതിപക്ഷത്തെ കാണാതായതോടെയാണ് രാജ്യത്തു പലയിടത്തും കർഷകർക്കും വിദ്യാർഥികൾക്കും ആശമാർക്കുമൊക്കെ സമരത്തിനിറങ്ങേണ്ടിവന്നത്.
കർഷകരുടേതൊഴികെ ഏതാണ്ടെല്ലാം അടിച്ചമർത്തപ്പെട്ടു. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, സർക്കാരുകൾ അതിനെ കൈകാര്യം ചെയ്യുന്നത് ഏകാധിപത്യ രീതിയിലായിരിക്കുന്നു. പ്രതിപക്ഷത്തെക്കുറിച്ചാണെങ്കിൽ, നിർജീവമല്ലെന്നു വേണമെങ്കിൽ പറയാം. പക്ഷേ, സജീവമല്ലെന്ന് ഉറപ്പായും പറയാം. ഇന്ത്യ ഗേറ്റിലെ ഫോട്ടോയിൽ പലതും തെളിയുന്നുണ്ട്.
ഡൽഹിയിലെ ഭയാനകമായ വായുമലിനീകരണത്തെക്കുറിച്ച് ‘ഇന്ത്യയെന്ന പുകപ്പുര’ എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ 13ന് ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. വായുമലിനീകരണം മൂലം ആഗോളതലത്തില് പ്രതിവര്ഷം 25 ലക്ഷം പേർ മരിക്കുന്പോൾ അതിൽ 17.2 ലക്ഷവും ഇന്ത്യയിലാണെന്ന റിപ്പോർട്ടുകളും അതിൽ ചൂണ്ടിക്കാണിച്ചിരുന്നു. മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ മാസങ്ങളായി ഡൽഹിയിൽ അത് ഏകദേശം 400 ആണ്.
പ്രതിപക്ഷമായ ‘ഇന്ത്യ’ മുന്നണി ഏറ്റെടുക്കേണ്ടിയിരുന്ന വിഷയമായിരുന്നു അത്. പക്ഷേ, കോൺഗ്രസും ആം ആദ്മിയും ചില വഴിപാടുസമരങ്ങൾ നടത്തിയതൊഴിച്ചാൽ ഉത്തരവാദിത്വം നിർവഹിച്ചില്ല. അവരുടെ ഒഴിവിലാണ് ജനങ്ങൾക്കു സംഘടനകളുടെയോ താത്കാലിക സംവിധാനങ്ങളുടെയോ കീഴിൽ സമരത്തിനിറങ്ങേണ്ടിവന്നത്. ഞായറാഴ്ച ഇന്ത്യാ ഗേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം ‘ദില്ലി കോ-ഓർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയുടേതായിരുന്നു.
ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ പങ്കെടുത്ത ആ സമരം മാവോവാദി ബന്ധത്തിന്റെ പേരിൽ വിവാദത്തിലായിക്കഴിഞ്ഞു. പോലീസിനെതിരേ പെപ്പർ സ്പ്രേ ഉപയോഗിച്ചതും മാവോ നേതാവിന്റെ പേര് പ്ലക്കാർഡിൽ എഴുതിയതുമാണ് കാരണം. ഉള്ളതായാലും ഇല്ലാത്തതായാലും പ്രതിഷേധക്കാരെ വലിച്ചിഴച്ചതിനും ഒരാളെ നിലത്തിട്ടു ശ്വാസംമുട്ടിച്ചതിനും വായുമലിനീകരണത്തിനും മുകളിൽ മാവോ ബന്ധം പ്രതിഷ്ഠിച്ചേക്കാം. മാവോബന്ധമില്ലാത്ത ‘ശുദ്ധ പ്രതിപക്ഷം’ അല്ലലില്ലാത്ത വൈറ്റ് കോളർ രാഷ്ട്രീയം തെരഞ്ഞെടുക്കുകയും ചെയ്തു.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, ഇന്ത്യൻ ജനാധിപത്യം രണ്ടു സ്വഭാവങ്ങളിലേക്കു ചുരുങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭരിക്കുന്പോൾ ഫാസിസ്റ്റും പ്രതിപക്ഷത്തിരിക്കുന്പോൾ ഫാസിസ്റ്റ് വിരുദ്ധവുമാകുന്ന സ്ഥാനാധിഷ്ഠിത സ്വഭാവം. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കു പിന്തുണ നൽകിയാലേ ഫണ്ട് അനുവദിക്കൂ എന്നു പറഞ്ഞത്, മഹാരാഷ്ട്ര എൻഡിഎ സർക്കാരിലെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറാണ്.
നാളെ ഭരണത്തിൽനിന്ന് പുറത്താകുകയും മറ്റൊരാൾ ഇതു പറയുകയും ചെയ്താൽ അദ്ദേഹം ഇതിനെ ഭരണകൂട ഫാസിസമെന്നു വിളിച്ചുകളയും. കേരളത്തിൽ ഏറ്റവും വരുമാനം കുറഞ്ഞ ആശമാർ തുച്ഛ വേതനവർധനയ്ക്കുവേണ്ടി നടത്തിയ സമരത്തെ ചവിട്ടിയരച്ചത് സിപിഎമ്മിന്റെ സർക്കാരാണ്. അതിലും മാവോ ബന്ധം ആരോപിക്കപ്പെട്ടിരുന്നു.
പക്ഷേ, ബിജെപി സർക്കാർ നടപ്പാക്കിയതും 40 കോടി തൊഴിലാളികളെ ബാധിക്കുന്നതുമായ തൊഴിൽ നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്പോൾ ആശമാരുടെ മുഖം അവസരവാദത്തിനു തടസമല്ല. പ്രതിപക്ഷത്തിന്റേതല്ലാത്തതിനാൽ ന്യായമായ സമരങ്ങൾപോലും അടിച്ചമർത്തപ്പെടാൻ സാധ്യതയേറി. ഇന്ത്യ ഗേറ്റിൽ മാത്രമല്ല, നിയമസഭാ ഗേറ്റുകളിലൊക്കെ ഈ കഴുത്തുഞെരിക്കൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടത്ത് അവർ ഭരിക്കുന്നവരായിരിക്കും. മറ്റൊരിടത്ത് പ്രതിപക്ഷവും.
നിരാശാഭരിതമായൊരു ഉപസംഹാരത്തിന്റെ സ്ഥിതി രാജ്യത്തില്ല. പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുന്നു എന്നതുപോലെ പ്രധാനമാണ്, ഭരണകൂടങ്ങളെ ചെറുക്കാൻ ധൈര്യമുള്ള വിദ്യാർഥികളും സ്ത്രീകളും കർഷകരും തൊഴിലാളികളും വ്യക്തികളും ബാക്കിയുണ്ട് എന്നത്. ദുർബലമായ പ്രതിപക്ഷത്തിന്റെ ഇടങ്ങളെ അതു നികത്തിയില്ലെങ്കിലും വോട്ട് ചെയ്യുന്നതിനപ്പുറം ജനാധിപത്യത്തിൽ പങ്കെടുക്കുന്നവർ പ്രതീക്ഷയാണ്. പക്ഷേ, ഇന്ത്യ ഗേറ്റിലെ യുവാവ് ശ്വാസം മുട്ടിയത് അയാൾക്കുവേണ്ടി മാത്രമല്ലെന്ന് നാം തിരിച്ചറിയണം. അയാളുടെ പേരു തിരയേണ്ടതില്ല, നമ്മുടെ പേരു വിളിച്ചാൽ മതി.
