കിടക്കുന്ന കിടപ്പുകണ്ടോ..! രണ്ടു കോടിയുടെ ആറര കിലോമീറ്റർ ടാറിംഗ് കണ്ട് നാട്ടുകാർ ഞെട്ടി; കരാറുകാരനെതിരെ പരാതി നൽകാനൊരുങ്ങി പ്രദേശവാസികൾ

tarking-2coreചിറ്റൂർ: കേന്ദ്ര സർക്കാരിന്‍റെ  സാമ്പത്തിക സഹായത്തിൽ കന്നിമാരി പേട്ടമൊക്കു മുതൽ പാപ്പൻചള്ളവരെയുളള റോഡുനിർമാണത്തിൽ വ്യാപക അഴിമതി യെന്നു പരാതി. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനപദ്ധതിയിയുടെ രണ്ടുകോടി ഉപയോഗിച്ചാണ് തമിഴ്നാട്ടിലുള്ള കരാറുകാരൻ ആറരകിലോമീറ്റർ നീളമുള്ള റോഡ് നിർമിക്കുന്നത്.

പാപ്പാൻചള്ള, പാറയ്ക്കൽചള്ള, ചെമ്മണംതോട്, പുള്ളിമാൻചള്ള, കുറ്റിക്കൽചള്ള വഴി കന്നിമാരി പേട്ടമൊക്കിലാണ് പുതിയ റോഡ് എത്തിച്ചേരുന്നത്. മൂന്നുവർഷംമുമ്പാണ് കരാറുകാരൻ നിർമാണം തുടങ്ങിയത്.പിന്നീട് രണ്ടരവർഷത്തോളം നിർമാണജോലികൾ നിർത്തിവച്ചു. നിർമാണം നടക്കുന്ന റോഡിനുസമീപത്ത് വീടുകളുള്ള സ്‌ഥലത്തു മാത്രമാണ് ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കുന്നത്. മറ്റു സ്‌ഥലങ്ങളിൽ ഭാഗിക തോതിലാണ് നിർമാണജോലികൾ നടത്തുന്നത്.

നിർമാണസ്‌ഥലത്ത് ബന്ധപ്പെട്ട ലൈസൻസി ഉണ്ടാകണമെന്ന് വ്യവസ്‌ഥയുണ്ടെങ്കിലും ഇതുവരെയും ഇയാളെ പണിസ്‌ഥലത്തു കണ്ടിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. റോഡ് നിർമാണത്തിൽ വൻ അഴിമതി നടക്കുന്നതായി ആരോപിച്ച് ജില്ലാ കളക്ടർക്കും എംപിക്കും പരാതി നല്കാൻ ജനങ്ങൾ തയാറെടുക്കുകയാണ്.

രണ്ടുമാസംമുമ്പ് പാപ്പാൻചള്ളയിൽനിന്നും തുടങ്ങിയ പാതനിർമാണം ഇപ്പോൾ പുളളിമാൻചള്ള വരെയെത്തി. നിർമാണം നടത്തിയ റോഡിന്‍റെ ഗുണനിലവാരം വകുപ്പ് അധികൃതർ പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Related posts