നാഗമ്പടത്ത് വിജയകരമായി പ്രദർശനം തുടരുന്ന “രക്തരക്ഷസ്’നാടകം കാണാൻ സ്കൂള്‍ കുട്ടികള്‍ കൂട്ടത്തോടെയെത്തി. പ്രത്യേക ഷോ ആണ് വിദ്യാർഥികൾക്കായി ഒരുക്കിയത്. പ്രദര്‍ശനം കുട്ടികളെ അത്ഭുതത്തിന്റെ അമ്പരപ്പിന്റെയും മായാലോകത്തേക്കു കൊണ്ടുപോയി.
നാടകത്തിലെ ഓരോ കാഴ്ചകളും കുട്ടികള്‍ വിസ്മയത്തോടെയാണ് കണ്ടത്. എസ്എച്ച് മൗണ്ട് സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ കുട്ടികളും അധ്യാപകരുമാണ് ഇന്നലെ നാടകം കാണാന്‍ എത്തിയത്. നാടകാവതരണത്തിന് ശേഷം നാടകത്തില്‍ അഭിനയിച്ച നടീനടന്മാരെയും അണിയറപ്രവര്‍ത്തകരെയും നാടകത്തിന്റെ ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭന് പരിചയപ്പെടുത്തിയതു കുട്ടികള്‍ക്ക് നവ്യാനുഭവമായി.
യക്ഷിയായി അഭിനയിച്ച ജാന്‍കി വന്നപ്പോള്‍ കുട്ടികള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്. യക്ഷിയോടൊപ്പം സെല്‍ഫിയും ഫോട്ടോയും എടുത്താണ് കുട്ടികള്‍ മടങ്ങിയത്. നാടകം എന്തെന്ന് കുട്ടികളെ അറിയിക്കാനും അതിലുടെ വരും നാളുകളില്‍ ഈ കലയെ നിലനിര്‍ത്താനുമാണ് കലാനിലയത്തിന്റെ ശ്രമം.
താത്പര്യമുള്ള സ്കൂളുകള്‍ക്ക് വേണ്ടി കലാനിലയം രാവിലെ 10 മുതല്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. ഡിസംബര്‍ ഏഴു വരെ തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം ആറിനും ഒന്‍പതിനും രണ്ട് അവതരണമാണുളളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട്, ആറ്, ഒമ്പത് എന്നീ സമയങ്ങളിലാണ് അവതരണം. ടിക്കറ്റിന് 8714088850 എന്ന ഫോണ്‍ നമ്പരിൽ ബന്ധപ്പെടുക.

