ചിലര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു, ചിലര്‍ കരഞ്ഞു! പണവും സമ്മാനങ്ങളും കൂടാതെ നാട്ടിലെത്തി സുഖമായി ജീവിക്കാന്‍ പെന്‍ഷനും ഏര്‍പ്പെടുത്തി; 35 വര്‍ഷം സേവനം ചെയ്ത ഇന്ത്യക്കാരന് സൗദി കുടുംബം നല്‍കിയ യാത്രയയപ്പ്; വീഡിയോ

അറബി നാട്ടില്‍ പോയി വിയര്‍പ്പൊഴുക്കി പണിയെടുത്താണ് കേരളത്തിലടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും കുടുംബങ്ങളും രക്ഷപെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ ബഹുഭൂരിപക്ഷം ആളുകളും ജോലി ചെയ്തിട്ടുള്ളത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും ആണ്. സമാനമായ രീതിയില്‍ ഒരു അറബി കുടുംബത്തില്‍ 35 വര്‍ഷക്കാലം ജോലി ചെയ്ത് ഒടുവില്‍ തിരികെ പോരാനൊരുങ്ങിയപ്പോള്‍ കുടുംബം നല്‍കിയ സ്വീകരണമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവമിങ്ങനെ…

35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലിക്കാരനായിരുന്നു ഷെരീന്‍. ഒടുവില്‍ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ ആ കുടുംബം അദ്ദേഹത്തിന് എല്ലാ ആദരവും നല്‍കിയാണ് യാത്രയയച്ചത്. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും കണ്ട് അത്ഭുതപ്പെടുകയാണ് പലരും.

പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നല്‍കിയത്. അംഗങ്ങള്‍ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ചിലര്‍ കരഞ്ഞു.

വീട്ടിലെ കൃഷികാര്യങ്ങളും നോക്കി നടത്തലും ഹൈവേയിലെ റസ്റ്റ് ഹൗസില്‍ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ഈ ഇന്ത്യക്കാരന്റെ ജോലി. വടക്കന്‍ സൗദിയിലെ അല്‍ ജോഫിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതായിരുന്നു റസ്റ്റ് ഹൗസ്. യാത്രയാക്കുമ്പോള്‍ കൈനിറയെ പണവും സമ്മാനങ്ങളും നല്‍കാന്‍ സൗദി കുടുംബം മറന്നില്ല.

പക്ഷേ, അതിലും വലിയ കാര്യം തങ്ങളെ 35 വര്‍ഷം സേവിച്ച വ്യക്തിക്ക് ഇന്ത്യയില്‍ എത്തിയ ശേഷം സുഖമായി ജീവിക്കാന്‍ മാസം പെന്‍ഷന്‍ പോലെ ഒരു തുക നല്‍കുമെന്നും ഇവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വളരെ വലുതാണെന്ന് സൗദി കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി പറഞ്ഞു.

കുട്ടികളോടും മുതിര്‍ന്നവരോടും എല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. 1980 കാലഘട്ടത്തിലാണ് മിഡോ ഷെരീന്‍ സൗദിയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. ആരോഗ്യവും കുറഞ്ഞ് വരുന്ന സ്ഥിതിക്ക് ഇന്ത്യയിലെത്തി കുടുംബത്തോടൊപ്പം ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Related posts