ഇന്ത്യൻ ഭക്ഷണം പൊതുവെ വിദേശികൾക്ക് അത്ര സുഖകരമായി തോന്നില്ല. നമ്മുടെ എരിവും പുളിയുമൊക്കെ അവർക്ക് സഹിക്കാൻ പാടില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോട്ടസ്റ്റ് കറി ചലഞ്ചിൽ പങ്കെടുത്ത് പണി വാങ്ങിച്ചിരിക്കുകയാണ് ഒരു വിദേശി. 72 തരം മുളകുകൾ ഉപയോഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. കഴിച്ച ശേഷം എട്ടിന്റെ പണി കിട്ടിയെന്ന് തന്നെ പറയാം.
72 ഇനം മുളകുകൾ പൊടിച്ച ശേഷമാണ് കറി ഉണ്ടാക്കാനായി ഉപയോഗിച്ചത്. ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഈ മുളകുപൊടികൾ പിന്നീട് വേവിച്ചു. ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേർക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്. ഇതാണ് യുവാവ് ടേസ്റ്റ് ചെയ്തത്.
കഴിച്ച ശേഷം എരിഞ്ഞ് വല്ലാതായിപ്പോയി അദ്ദേഹം. നിൽക്കാനും ഇരിക്കാനും സാധിക്കാതെ അയാൾ പരക്കം പായുന്നത് വീഡിയോയിൽ കാണാം. അവസാനം റോഡരികിൽ കുത്തിയിരിക്കുന്പോൾ ഹോട്ടലുടമ തന്നെ നേരിട്ട് പോയി ആശ്വസിപ്പിക്കുന്നത് കാണാൻ സാധിക്കും.