കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന് സംസ്ഥാന ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ ഐടി നഗരമായ കൊച്ചിയില്‍ വരാന്‍ പോകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കാണ്. ഒരു ആധുനിക നഗരത്തിനുള്ള ഏല്ലാ വിധ സൗകര്യങ്ങളുമായി 300 ഏക്കറിലാണ് ഐടി നഗരം പടത്തുയര്ത്തുക. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇനി മുന്നിലുള്ളത്. ലാന്‍ഡ് പൂളിംഗ് വഴി ആവശ്യമായ സ്ഥലം കണ്ടെത്താന്‍ ജിസിഡിഎയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന് കിഴക്ക് ഭാഗത്തായി 300 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി ടവറുകള്‍ക്ക് പുറമേ, റെസിഡന്‍ഷ്യല്‍, കോമേഴ്സ്യല്‍ സോണുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കണ്വെന്ഷന് സെന്റര്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, മ്യൂസിയം, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സമുച്ചയങ്ങള്‍, സാംസ്കാരിക ഇടം, അര്‍ബന്‍ ഫാമിംഗ് സോണ്‍, സ്വീവേജ് ട്രീറ്റ്മെന്റ്് പ്ലാന്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും.
15 മില്യന്‍ സ്ക്വര്‍ഫീറ്റിലാണ് മൂന്നാംഘട്ടം. ഇന്‍ഫോപാര്‍ക്ക് ഒന്ന്, രണ്ട് ഫേസുകള്ക്കും കൂടി ആകെയുള്ള ഒന്‍പത് മില്യന്‍ സ്ക്വയര്‍ഫീറ്റ് കെട്ടിട പരിധിയാണ്. അതിലും ആറ് മില്യന്‍ സ്ക്വയര്‍ഫീറ്റ് കൂടുതലുണ്ട് ഫേസ് മൂന്നിന്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഐടി ടൗണ്‍ഷിപ്പാകും ഇത്.
പദ്ധതിക്കായി 300 ഏക്കര്‍ സ്ഥലത്ത് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് ജിസിഡിഎയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ വികസിപ്പിച്ച ശേഷം നിശ്ചിത ശതമാനത്തിന്റെ ഉടമസ്ഥാവകാശം ഉടമകള്‍ക്ക് തിരികെ നല്‍കുന്നതാണ് ലാൻഡ് പൂളിംഗ്. അതായത് വിട്ടുകൊടുത്തതിനേക്കാള്‍ ഇരട്ടി മൂല്യമുള്ള സ്ഥലം തിരികെ ലഭിക്കും എന്നര്‍ത്ഥം. കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 300 ഏക്കറാണ് ആവശ്യമെങ്കിലും ആയിരം ഏക്കറോളം ഭൂമി എറ്റെടുക്കാനാണ് ശ്രമം. ഭാവിയില്‍ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്.