ഇസ്ലാമാബാദ്: പാക്കിസ്ഥാനുള്ള വായ്പയിൽ കർക്കശ ഉപാധികൾ വച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നത് ധനസഹായത്തെ ബാധിക്കുമെന്ന നിർദേശത്തോടൊപ്പം അടുത്ത ഗഡു അനുവദിക്കുന്നതിന് 11 ഉപാധികളും ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. സംഘര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക, നവീകരണ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനാൽ പാക്കിസ്ഥാന് വായ്പ അനുവദിക്കരുതെന്ന് രാജ്യാന്തര വേദികളിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ഗഡു അനുവദിക്കും മുമ്പ് പതിനൊന്ന് നിബന്ധനകള്‍ പാക്കിസ്ഥാന് പാലിക്കണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്നത്.
17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന ദേശീയ ബജറ്റിനു പാര്‍ലമെന്റെ അംഗീകാരം വാങ്ങണം, വൈദ്യുതി ബില്ലിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് ഉയർത്തണം, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണം നീക്കുക തുടങ്ങിയവ നിബന്ധനകളിലുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് ഈടാക്കണം, ഭരണപരമായ നയരൂപീകരണത്തിന് ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കണം, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ തയാറാക്കണം, ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണം എന്നീ നിർദേശങ്ങളും ഇതോടൊപ്പമുണ്ട്.