കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ മാത്രമല്ല ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയതായി പ്രതി ചേര്‍ത്തല പള്ളിത്തോട് ചോങ്ങുതറ സി.എം. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ബിന്ദു കേസില്‍ തെളിവു കണ്ടെത്താന്‍ പരിമിതികളേറെ. പത്തൊന്‍പതു വര്‍ഷം മുന്‍പ് നടന്നെന്നു പറയുന്ന കൊലപാതകത്തിൽ തെളിവുകളൊന്നുംതന്നെ ശേഷിക്കുന്നില്ല.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സെബാസ്റ്റ്യനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്തുവരുന്നത്. ജെയ്നമ്മ കൊലക്കേസിലെ ചോദ്യം ചെയ്യലില്‍ പുലര്‍ത്തിയ അതേ നിസംഗതയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനുശേഷം പ്രതിയുടേത്.
ജയ്നമ്മയുടെ മൃതദേഹം കഷണങ്ങളാക്കി മറവുചെയ്ത രീതിയില്‍ തന്നെയാണ് ബിന്ദുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മറവുചെയ്തെന്ന സെബാസ്റ്റ്യന്റെ വാക്ക് പോലീസ് മുഖവിലയ്ക്കെടുത്തിട്ടിട്ടില്ല.
ഐഷയെയും കൊന്നതോ?
ചേര്‍ത്തല പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുന്ന ഐഷ എന്ന ഹയറുമ്മയെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി ആഭരണവും പണവും അപഹരിച്ചതായാണ് സൂചന. 2018 മേയ് 13നാണ് ഐഷയെ കാണാതായത്.ഐഷയുടെ തിരോധാനത്തില്‍ നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെ അടുത്ത ദിവസം ചോദ്യം ചെയ്യും.
30 വരെ പോലീസ് കസ്റ്റഡിയിൽ
ഈ മാസം 30 വരെയാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ കിട്ടിയിരിക്കുന്നത്.കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തതവരുത്താനും മൃതദേഹാവശിഷ്ടം കണ്ടെത്താനുമായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയത്. ബിന്ദുവിനെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്നുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, കുടക്, ബംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ചു തെരച്ചില്‍ നടത്താനും ആലോചനയുണ്ട്. എന്നാല്‍ സെബാസ്റ്റ്യന്‍ പറയുന്നത് അപ്പാടെ പോലീസ് മുഖവിലയ്ക്കെടുക്കുന്നുമില്ല.
ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്ന് ലഭിച്ച അസ്ഥികഷ്ണങ്ങളുടെ ഡിഎന്‍എ ഫലം വന്നാല്‍ മാത്രമെ ജെയ്നമ്മ വധക്കേസില്‍ പഴുതടച്ച തെളിവുകളുമായി ക്രൈം ബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാനാകൂ.