ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്എയ്ക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്യുകയും രഹസ്യവിവരങ്ങൾ കൈമാറുകയും ചെയ്ത നേപ്പാളി പൗരൻ അറസ്റ്റിൽ.നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) എന്നയാളെ കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് ഡൽഹി പോലീസ് ആണ് പിടികൂടിയത്.
യുഎസ് വീസയും മാധ്യമ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാളെ ഐഎസ്ഐ വലയിലാക്കിയത്. യുഎസ് വീസയ്ക്കും ജോലി അവസരത്തിനും പകരമായി, ഇന്ത്യൻ സിം കാർഡുകൾ നൽകാമെന്നും ഡിആർഡിഒ, ആർമി യൂണിറ്റുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാമെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
ആധാർ കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാർഡുകൾ ചൗരസ്യ വാങ്ങിയിരുന്നു. തുടർന്ന് അവ നേപ്പാളിലേക്ക് അയച്ചു, അവിടെ നിന്ന് സിമ്മുകൾ ഐഎസ്ഐ പ്രവർത്തകർക്ക് കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പ്രസ്താവനയിൽ പറഞ്ഞു.
ഇവയിൽ 11 സിമ്മുകൾ ഉപയോഗിച്ച് ലാഹോർ, ബഹവൽപൂർ, പാക്കിസ്ഥാനിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വാട്ട്സ്ആപ്പ് സജീവമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടും സോഷ്യൽ മീഡിയ വഴി ചാരവൃത്തി ചെയ്യുന്നതിനുമാണ് സിം കാർഡുകൾ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാത് കുമാർ ചൗരസ്യ. നേപ്പാളിലും ബീഹാറിലും നിന്നായാണ് പഠനം നടത്തിയത്. ഇയാൾ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിഎസ്സി ബിരുദവും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.മഹാരാഷ്ട്രയിലും ഡൽഹിയിലും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായും ഏരിയ സെയിൽസ് മാനേജരായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
2017ൽ ഇയാൾ കാഠ്മണ്ഡുവിൽ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ ഇത് തകർന്നു. ഇതേത്തുടർന്ന് ഇയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2024 ൽ കാഠ്മണ്ഡുവിൽ വച്ച് ഒരു നേപ്പാളി ഇടനിലക്കാരൻ വഴിയാണ് ഇയാൾ ഐഎസ്ഐ പ്രവർത്തകരുമായി ബന്ധപ്പെടുന്നത്.
വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള ആഗ്രഹത്താൽ ഇയാൾ സിം കാർഡുകൾ നൽകാമെന്നും പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്നും ഡിസിപി കൗശിക് പറഞ്ഞു.