ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ക്ലബ്ബുകള്‍. റിലൈന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) നിലവില്‍ ഐഎസ്എല്ലിന്റെ നടത്തിപ്പുകാര്‍.
ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാത്തതാണ് 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നറിയാതെ ക്ലബ്ബുകള്‍ ഇരുട്ടിലാകാന്‍ കാരണം. അതുകൊണ്ടുതന്നെ ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ കളിക്കാരുടെ സാലറി റദ്ദാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടക്കമുള്ള മറ്റു ക്ലബ്ബുകള്‍ പ്രീസീസണ് തയാറെടുപ്പുകള്‍ വേണ്ടെന്നും വച്ചു.
ഇതിനിടെ ഏഴിന് എഐഎഫ്എഫ്, ഐഎസ്എല്‍ ക്ലബ് പ്രതിനിധികളുടെ യോഗം വിളിക്കുകയും സൂപ്പര്‍ കപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഐഎസ്എല്‍ സ്ലോട്ടില്‍, സെപ്റ്റംബര്‍-ഡിസംബറില്‍ സൂപ്പര്‍ കപ്പ് നടത്താമെന്നാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചത്.
എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് 2025 ഡിസംബര്‍ എട്ടിന് അവസാനിക്കുന്നതുമാത്രമല്ല, എഐഎഫ്എഫ് ഭരണഘടന പരിഷ്കരണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് വൈകുന്നതുമാണ് ഐഎസ്എല്‍ 2025-26 സീസണ് നടക്കാതിരിക്കുന്നതിന്റെ കാരണമെന്നതും വാസ്തവം.
ഇങ്ങനെ പോയാല്‍ എങ്ങനാ?
ഏഴിന് ചര്‍ച്ച നടത്തിയതിന്റെ പിന്നാലെയാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍, ഇന്ത്യന്‍ ഫുട്ബോള്‍ താളംതെറ്റിയിരിക്കുകയാണെന്നും അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ട് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്ക് കത്തെഴുതിയത്. ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഇന്‍വെസ്റ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും കളിക്കാര്‍, സ്റ്റാഫ്, സപ്പോര്‍ട്ടിംഗ് ആളുകള്‍ തുടങ്ങിയവരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്നെന്നും സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്യാണ്‍ ചൗബെയ്ക്ക് അയച്ച കത്തില്‍ ക്ലബ് പ്രതിനിധികള്‍ സൂചിപ്പിച്ചു.
ബഗാനും ബംഗാളും ഇല്ല!
ഐഎസ്എല്‍ ഫുട്ബോള്‍ പോരാട്ടരംഗത്തുള്ള 13 ക്ലബ്ബുകളില്‍ 11 എണ്ണം മാത്രമാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്യാണ്‍ ചൗബെയ്ക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. കോല്‍ക്കത്തന്‍ പാരമ്പര്യ ക്ലബ്ബുകളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ല.