റഷ്യയെ പിന്‍തള്ളി ചരിത്രനേട്ടത്തില്‍ ഇന്ത്യ ; ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥ ത്തില്‍ എത്തിച്ച് ഐഎസ്ആര്‍ഒ; 37 ഉപഗ്രഹ ങ്ങള്‍ അയച്ച റഷ്യയുടെ റിക്കാര്‍ഡാണ് തകര്‍ന്നത്

isroചെന്നൈ: ഉപഗ്രഹ വിക്ഷേപണ രംഗത്ത് റിക്കാര്‍ഡ് കുറിച്ച് ഐഎസ്ആര്‍ഒ. ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍നിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വിസി 37 ല്‍ വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. 2014ല്‍ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റിക്കാര്‍ഡ്.

വലിയ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഡിക്ക് 714 കിലോഗ്രാം ഭാരം. ബാക്കി 103നും കൂടി 664 കിലോഗ്രാം. ചെറിയവയില്‍ രണ്ടെണ്ണം ഇന്ത്യയുടേത്. സെക്കന്‍ഡുകളുടൈ വ്യത്യാസത്തിലാണ് ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ വിന്യസിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ 9.28 നായിരുന്നു വിക്ഷേപണം.

നേരത്തെ, 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐഎസ്ആര്‍ഒയെ സമീപിച്ചതോടെയാണ് ഉപഗ്രഹങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്. അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. മൂന്നു മുതല്‍ 25 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളാണിവ.

ജര്‍മനിയുടെ ഉപഗ്രഹങ്ങളും പിഎസ്എല്‍വിസി 37 ഭ്രമണപഥത്തിലെത്തിച്ചു. നേരത്തെ, 20 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിച്ച ചരിത്രം ഐഎസ്ആര്‍ഒയ്ക്കുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിലും ചെലവുചുരുക്കുന്നതിലും ഐഎസ്ആര്‍ഒ വലിയതോതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎസ്ആര്‍ഒയ്ക്ക് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുന്നത്.

Related posts