ശ്രീനഗർ: ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും (എസ്ഡിഎം) മകനും ദാരുണാന്ത്യം. രാംനഗർ എസ്ഡിഎം രാജേന്ദ്ര സിംഗും മകനുമാണു മരിച്ചത്. റിയാസി ജില്ലയിലെ ധർമാരിയിൽ വ്യാഴാഴ്ചയാണു സംഭവം.
ആറുപേർക്കു പരിക്കേൽക്കുകയും ചെയ്തു. മജിസ്ട്രേറ്റും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ധർമാരിയിൽനിന്ന് പട്യാനിലേക്ക് കുടുംബവുമായി പോകുകയായിരുന്നു.
സലൂഖ് ഇഖ്തർ നല എന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്നു വലിയ പാറക്കല്ലുകൾ വാഹനത്തിനു മുകളിലേക്കു പതിക്കുകയായിരുന്നു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഗുരുതരമായി പരിക്കേറ്റവരെ റിയാസിയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു.