ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) അടിയന്തര വോട്ടെടുപ്പ് നടത്തും. അതുവരെ പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുമെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചു.
അറുപത്തിയെട്ടുകാരനായ ഷിഗേരു ഇഷിബ ഒരു വർഷം മുന്പാണ് സ്ഥാനമേറ്റെടുത്തത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടു തെരഞ്ഞെടുപ്പുകളിലായി എൽഡിപിക്ക് പാർലെന്റിലെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമായി. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ ജാപ്പനീസ് ജനതയ്ക്കുള്ള അമർഷം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏതാണ്ട് മുഴുവൻ കാലവും ജപ്പാൻ ഭരിക്കുന്ന പാർട്ടി ഇത്തരമൊരു ദുരവസ്ഥ നേരിടുന്നത് അപൂർവമാണ്.
ഇഷിബയെ പുറത്താക്കുന്നതിനു വോട്ടെടുപ്പ് നടത്താൻ പാർട്ടി ആലോചിക്കുന്നതിനിടെയാണ് രാജിപ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ്, ജപ്പാനെതിരേ പ്രഖ്യാപിച്ച ചുങ്കങ്ങൾ ഒഴിവാക്കാനുള്ള വാണിജ്യകരാർ യാഥാർഥ്യമാകുന്നതുവരെ ഷിഗേരു രാജിപ്രഖ്യാപനം വൈകിച്ചുവെന്നാണ് സൂചന.
ചുങ്കം ഇളയ്ക്കുന്നതിനു പകരമായി ജപ്പാൻ 55,000 കോടി ഡോളറിന്റെ നിക്ഷേപം അമേരിക്കയിൽ നടത്താൻ വ്യവസ്ഥ ചെയ്യുന്ന കരാർ ഒപ്പിട്ടിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. കരാർ വന്നതോടെ ജപ്പാൻ വലിയൊരു കടന്പ കടന്നുവെന്നും ഇനി പുതുതലമുറയ്ക്ക് ബാറ്റൺ കൈമാറുകയാണെന്നും ഷിഗേരു ഇന്നലെ കൂട്ടിച്ചേർത്തു.