കോഴിക്കോട്: പ്രൊ വോളിബോള്‍ ലീഗിന്റെ നാലാം സീസണ് താരലേലത്തില്‍ മിന്നിത്തിളങ്ങി മലയാളിതാരം ജെറോം വിനീത്. താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കട്ട് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കാലിക്കട്ട് സ്വന്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീന്‍.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമല്‍ കെ. തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിംഗ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കട്ട് ഹീറോസ്, റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് എസ്. സന്തോഷിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തില്‍ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോര്‍പിഡോസ് പി.വി. ജിഷ്ണുവിനെ 14 ലക്ഷത്തിനു സ്വന്തമാക്കി. 6.5 ലക്ഷത്തിന് ജോയെല്‍ ബെഞ്ചമിന്‍, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിന്‍ ജോസ്, രോഹിത് കുമാര്‍ എന്നിവരും ടീമിലെത്തി.
എം. അശ്വിന്‍രാജ്, സമീര്‍ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങള്‍. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോണ്‍ ടി. ജോണിനെ നിലനിര്‍ത്തി. അംഗമുത്തു, ജി.എസ്. അഖിന് എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡല്‍ഹി തൂഫാന്‍സിന്റെ വലിയ നേട്ടം. ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് ജോര്‍ജ് ആന്റണിയെയും (അഞ്ച് ലക്ഷം) ഡല്‍ഹി നേടി. ശിഖര്‍ സിംഗിനെ (16 ലക്ഷം) പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിഹൈദരാബാദ് ബ്ലാക്ഹോക്സ് തിളങ്ങി.