ഇത്തവണ ഇന്ത്യയെ പിന്നിലാക്കാന്‍ മുകേഷ് അംബാനി സമ്മതിക്കില്ല; ഇന്ത്യയില്‍ 5ജിയുമായെത്തുന്നത് ജിയോയും എയര്‍ടെലും; ചിന്തകളേക്കാള്‍ വേഗത്തില്‍ ഇനി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പറപറക്കും…

ഇന്റര്‍നെറ്റിന്റെ മൂന്നാം തലമുറയും നാലാം തലമുറയും ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങള്‍ 5ജിയിലേക്കുള്ള ചിന്തകളിലായിരുന്നു. എന്നാല്‍ 5ജി അരങ്ങിലെത്തിയതോടെ വിദേശരാജ്യങ്ങളുടെ ഒപ്പം തന്നെ 5ജി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയും.

2020 ആദ്യത്തോടെ 5ജി ലഭ്യമാക്കുന്ന തരത്തിലാണു പദ്ധതി. 5ജിയുടെ സാധ്യത ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ പോകുന്നത് ആരോഗ്യം, കൃഷി, ഗതാഗതം, ഊര്‍ജം എന്നീ നാലു രംഗങ്ങളാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

5ജിക്ക് ആവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കുക എന്നതാണു കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. ഇതിനായി രൂപീകരിച്ച ദൗത്യസംഘത്തിന്റെ ചുമതല യുഎസിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സില്‍ അംഗമായ സ്റ്റാന്‍ഫഡ് സര്‍വകലാശാലാ പ്രഫസര്‍ ആരോഗ്യസ്വാമി പോള്‍രാജിനാണ്.

ഐഐടികള്‍, ഐഐഐടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍, ടെലികോം, ഐടി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പുകളുടെ സെക്രട്ടറിമാര്‍ എന്നിവരാണ് ഇതിലുള്ളത്. രാജ്യത്തു 5ജി നടപ്പാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി അടുത്ത മാസം അവതരിപ്പിക്കുമെന്നു 5ജി പദ്ധതിക്കു നേതൃത്വം വഹിക്കുന്ന കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറയുന്നു.

5ജിക്ക് ആവശ്യമായ റേഡിയോ തരംഗങ്ങളുടെ ലഭ്യതയാണ് ഏറ്റവും വലിയ വെല്ലുവിളിയായി മുമ്പിലുള്ളത്. ‘താങ്ങാനാവുന്ന’ വിലയില്‍ സ്‌പെക്ട്രം ലഭിക്കണമെന്നതും പ്രധാനം. ഫൈബറും ടവറുകളും അടക്കമുള്ള അടിസ്ഥാന സൗകര്യം വ്യാപിപ്പിക്കാനുള്ള തടസ്സങ്ങളും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

ജിയോയും എയര്‍ടെലും ഈയിടെ 5ജി പരീക്ഷിച്ചിരുന്നു. നെറ്റ്‌വര്‍ക്ക് ശേഷി 7 മടങ്ങുവരെ വര്‍ധിപ്പിക്കുന്ന മിമോ (MIMO Multiple Input Multiple Output) എന്ന സംവിധാനം ജിയോ ഐപിഎല്‍ വേദികളില്‍ നടപ്പിലാക്കുകയും ചെയ്തു.

5ജിക്കു മുന്നോടിയായാണ് ഈ ടെക്‌നോളജി പരീക്ഷിച്ചത്. വലിയ ജനത്തിരക്കുള്ളിടത്തും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇതുവഴി സാധിച്ചെന്നും കമ്പനി പറയുന്നു. എന്തായാലും വരും നാളുകള്‍ സാക്ഷ്യം വഹിക്കുക 5ജി പൂരത്തിനായിരിക്കുമെന്നുറപ്പ്.

Related posts