ഒരു സംഗീത പരിപാടി തീരുമാനിക്കുന്ന നിമിഷം മുതൽ മാനസികമായ തയാറെടുപ്പുകൾ ആരംഭിക്കും. മാനേജ്മെന്റ് ടീം ഉണ്ടെങ്കിലും കാര്യങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരിക്കും. കാരണം 100 ശതമാനം ഉറപ്പ് വരുത്താതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സംഘർഷങ്ങളൊന്നും പുറത്ത് കാണാൻ കഴിഞ്ഞെന്നു വരില്ല.
പരിപാടി നടക്കുന്ന ദിവസം യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യും. അത് പരിപാടി നടക്കുന്ന സമയത്തെ പൊരുത്തപ്പെടാൻ സഹായിക്കും. എന്നിരുന്നാലും സ്റ്റേജിൽ കയറുന്നതിനു മുന്പ് നെഞ്ചിടിപ്പ് കൂടും.
20 വർഷമായി സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം എല്ലാം ശരിയാണോ?, സ്റ്റേജ് ഓക്കെയാണോ, സൗണ്ട് ഓക്കെയാണോ?, ലൈറ്റ് ഓക്കെയാണോ?, വെള്ളംകുപ്പി എടുക്കാൻ പറ്റുന്ന അത്രയും അടുത്തുണ്ടോ തുടങ്ങിയ തുടങ്ങിയ ചിന്തകൾ ഉടലെടുക്കും. പക്ഷേ സ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല.
ഞാനും എന്റെ ടീമും ഞങ്ങളെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി നൽകി പരിപാടി ചെയ്യും. പാട്ടും ഉല്ലാസവും മാത്രമാകും. ആ കുറച്ച് മണിക്കൂറുകൾ കൊണ്ട് അതുവരെ ചെയ്തതിനെല്ലാം അർഥമുണ്ടാകും. പലപ്പോഴും ഒരു ആത്മീയമായ അനുഭവമാണ് എനിക്ക് സ്റ്റേജുകളിൽ നിന്ന് ലഭിക്കാറുള്ളത്.
- – ജ്യോത്സന