സിനിമയിൽ തുടക്കം കുറിച്ചതു മുതൽക്കുള്ള സൗഹൃദമാണ് ഷാനവാസുമായുള്ളതെന്ന് നടൻ ജോസ്. നാൽപത് വർഷമായി വളരെ അടുത്തറിയാം. അഭിനയത്തേക്കാൾ ഉപരി യാത്രകളോട് ആയിരുന്നു ഷാനുവിന് പ്രിയം. സുഖമില്ലാതിരുന്നിട്ടും വീൽ ചെയറിൽ ഇരുന്ന് അടുത്ത കാലത്ത് ഷാനവാസ് വിദേശ യാത്ര നടത്തിയിരുന്നു. ആദ്യമായി ഷാനവാസിനെ കാണുന്നത് നസീർ സാറിന്റെ വീട്ടിൽവച്ചാണ്.
നസീർ സാറാണ് എനിക്ക് ഷാനുവിനെ പരിചയപ്പെടുത്തുന്നത്, അന്നുതൊട്ട് ഞങ്ങൾ നല്ല കൂട്ടുകാരായി. പിന്നീട് അനവധി ചിത്രങ്ങളിൽ ഷാനവാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. കരാട്ടെ പഠിച്ച ആളായിരുന്നു ഷാനു, അത് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും പഠിപ്പിക്കാനും വലിയ താത്പര്യമായിരുന്നു. പുതിയ കാർ വാങ്ങുമ്പോഴൊക്കെ എന്നോടു സന്തോഷം പങ്കിടുമായിരുന്നു.
സിനിമയിൽനിന്ന് ഇടവേള എടുത്തത് ഷാനു തന്നെയായിരുന്നു. അവസരങ്ങൾ നിരവധി വന്നുവെങ്കിലും സിനിമയോട് അവന് ഭ്രമം ഇല്ലായിരുന്നു. സിനിമയെക്കാൾ അവനിഷ്ടം യാത്ര പോകാനായിരുന്നു. ഇടയ്ക്ക് ഷാനവാസിനു സുഖമില്ലാതെ ഇരുന്നപ്പോൾ കാണാൻ പോയിരുന്നു. പ്രിയപ്പെട്ട ഒരു സുഹൃത്തിനെയാണ് എനിക്കു നഷ്ടപ്പെട്ടത് എന്ന് ജോസ് പറഞ്ഞു.