ഒലിയോട് രാജിവച്ചൊഴിയാന്‍ പറഞ്ഞ് പാര്‍ട്ടി ! പ്രധാനമന്ത്രി പദം നഷ്ടമാകാതിരിക്കാന്‍ നാറിയ കളിയുമായി ഒലിയും; ചൈനയ്ക്ക് അടിമപ്പെട്ട് ഇന്ത്യയ്ക്ക് ദ്രോഹം ചെയ്യുന്ന പ്രധാനമന്ത്രിയുടെ പണിപൂട്ടുന്നു…

ഒരു വശത്ത് പാക്കിസ്ഥാനും മറുവശത്ത് ചൈനയും ഇന്ത്യയ്ക്ക് തലവേദനയാകുമ്പോഴാണ് അവസരം മുതലാക്കി ഞാഞ്ഞൂലിന്റെ തലപൊക്കല്‍ പോലെ നേപ്പാള്‍ ഇന്ത്യയെ ചൊറിഞ്ഞത്.

രാജ്യത്ത് കോവിഡ് പടരുമ്പോഴും ചൈനയുടെ അടിമയായ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി ഭൂപട മാറ്റി വരയ്ക്കുന്ന പണിയിലായിരുന്നു.

എന്നാല്‍ ഭൂപടം വരയ്ക്കാന്‍ കാട്ടിയ ആവേശം ഒലിയുടെ പ്രധാനമന്ത്രി പദം തെറിപ്പിച്ചേക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാജി വെച്ചൊഴിയാന്‍ ഒലിക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ അധികാരം നഷ്ടമാവാതിരിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ച് ഒലി ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്തിരിക്കുകയാണ്. നിലനില്‍പ്പിനായി ജനാധിപത്യത്തെ തന്നെ അട്ടി മറിക്കാന്‍ തുനിഞ്ഞിരിക്കുകയാണ് ഒലി.

പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാനുള്ള നിര്‍ദ്ദേശം വന്നതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചാണ് ഒലി നാറിയ കളിയ്ക്കു തുനിഞ്ഞിറങ്ങിയിരിക്കുന്നത്.ഒലിയുടെ ഈ തീരുമാനം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

ഇതോടെ സ്വന്തം പാര്‍ട്ടിക്കകത്ത് മാത്രമല്ല പുറത്തും ഒലി വികാരം കത്തി പടരാന്‍ സഹായകമാവുകയാണ്. ഇന്ത്യയ്ക്കെതിരായ നിലപാടെടുക്കുകയും ചൈനയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഒലിക്ക് പണിയായത്.

അതേസമയം, ഒലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി.

ബജറ്റ് സെഷന്‍ നിര്‍ത്തിവയ്ക്കാനുള്ള ഒലിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തായിരുന്നു ഇത്. ഭണ്ഡാരിയുമായി പ്രചണ്ഡ നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒലി പാര്‍ലമെന്റ് സഭകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണു സൂചന.

ഇന്ത്യവിരുദ്ധതയും ചൈനാ വിധേയത്വവുമാണ് ഒലിയ്ക്കു പണിയായത്. ഇന്ത്യയ്ക്കെതിരായ ഒലിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി അനുയോജ്യമോ അല്ലെന്ന് പ്രചണ്ഡ പറയുന്നു.

തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ഒലി ആരോപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് മോഡലുകള്‍ അനുകരിക്കുകയാണ് ഒലിയെന്നും വിമര്‍ശനമുണ്ടായി. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ചാണ് ഒലി നേപ്പാളില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയത്. അതേസമയം, തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ ഇന്ത്യയാണെന്നു പതിവു പോലെ ഒലി ആരോപിച്ചിട്ടുണ്ട്.

Related posts

Leave a Comment