കാട്ടാക്കട : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളും സഹായിയും മൂന്നു കിലോയിലധികം കഞ്ചാവുമായി മലയിൻകീഴ് പോലീസിന്റെ പിടിയിലായി.
വിവിധ സ്റ്റേഷനുകളിലായി പലരേയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലുൾപ്പെട്ട അന്തിയൂർക്കോണം കുന്നുംപുറം എം.ആർ.സദനത്തിൽ എം.ഹേമന്ദ്(27), സഹായി അണപ്പാട് ഇലവുങ്കൽ പടിപ്പുരവീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന എ.അനീഷ്(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരുടെ പക്കൽനിന്ന് 3.177കിലോ കഞ്ചാവ് കണ്ടെടുത്തു. ഈഴക്കോട് വെളിവിള ലെയ്നിൽ ബൈക്കിൽ വരുമ്പോഴാണ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇവരെ പരിശോധിച്ചത്. ത
ുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാറനല്ലൂർ, നേമം, കാട്ടാക്കട, മലയിൻകീഴ്, നരുവാമൂട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസിലുൾപ്പെട്ടയാളാണ് ഹേമന്ദ് എന്ന് പോലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം മേപ്പൂക്കടയിൽ വയോധികനെ ആക്രമിച്ച കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മലയിൻകീഴ് സി.ഐ. ബി.അനിൽകുമാർ, എസ്.ഐ. ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.