പാലൂർക്കാവ്: പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവിൽ പുലി ഇറങ്ങി നായയെ ആക്രമിച്ചു. ഊട്ടുകളത്തിൽ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചിൽകേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി ബഹളം ഉണ്ടാക്കിയതോടെ അജ്ഞാതജീവി നായയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡാഷ് ഇനത്തിൽപ്പെട്ട നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി.
ഉടൻതന്നെ ബിൻസി പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രാത്രി വൈകി മുറിഞ്ഞപുഴയിൽനിന്നും വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
പുലിയുടെ ആക്രമണം ഉണ്ടാകുമ്പോൾ ബിൻസിയും മക്കളായ ഡോൺ, ജീയന, ടയൻ എന്നിവരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. നായയെ ഇന്നലെ രാവിലെ മുപ്പത്തഞ്ചാംമൈലിൽ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. നായയുടെ മുറിവുകളിൽ തുന്നലിട്ടു.
ഒരാഴ്ച മുൻപ് ബിൻസിയുടെ വീട്ടിലെ മറ്റൊരു നായക്കുട്ടിയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാൽ രണ്ടാമതും നായയുടെ നേരേ ആക്രമണമുണ്ടായപ്പോഴാണ് പുലിയാണെന്നു വ്യക്തമായത്. കഴിഞ്ഞ ദിവസം പുലർച്ചെ പാലൂർക്കാവ് തോട്ടിൽനിന്നു പുലി കയറിപ്പോകുന്നതു കണ്ടതായി തെക്കേമല സ്വദേശികൾ പറഞ്ഞിരുന്നു.
മേഖലയിൽ ആശങ്ക വർധിക്കുന്നു
നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർക്കാവ് ടൗണിനു സമീപം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മേഖലയിലെ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. പുലി, നായയെ ആക്രമിച്ചതിന് ഏതാനും മീറ്റർ മാത്രം ദൂരത്തിൽ സ്കൂൾ, പള്ളി അടക്കമുള്ളവ സ്ഥിതിചെയ്യുന്നുണ്ട്.
പാലൂർക്കാവ് ടൗണിൽനിന്ന് അര കിലോമീറ്റർ ദൂരം മാത്രമാണ് പുലിയുടെ സാന്നിധ്യമുണ്ടായ മേഖലയിലേക്കുള്ളത്. ഇവിടെനിന്നു കിലോമീറ്ററുകൾ ദൂരെയാണ് വനമേഖയുള്ളത്.
ജനനിബിഡമായ പ്രദേശത്തുവരെ പുലിയുടെ സാന്നിധ്യമുണ്ടായതു മലയോരമേഖലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.