ഇടുക്കി: കഞ്ഞിക്കുഴിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റി കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകന് രാജന് (26) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പത്തരയോടെയാണു കൊലപാതകം നടന്നത്. രാജന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. രാജന് തടിപ്പണിക്കാരനും പ്രതിയായ അനൂപ് കഞ്ഞിക്കുഴിയിലെ ഒരു ചിക്കന്‍ സെന്ററില്‍ ജീവനക്കാരനുമാണ്. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഇരുവരും തമ്മില്‍ കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
രാജന്റെ പിതൃസഹോദരീപുത്രനാണ് അനൂപ്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണു കഞ്ഞിക്കുഴി പോലീസ് കസ്റ്റഡിയിലെടുത്തത്. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
