തിരുവനന്തപുരം: ഈ മാസം 11 നുള്ളില്‍ സെനറ്റ് യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് സ്വീകരിച്ചതിനു പിന്നാലെ സെനറ്റ് യോഗം വിളിക്കാമെന്ന് കേരള സര്‍വകലാശാല വിസി ഡോ.മഹാദേവന് പിള്ള ഗവര്‍ണറെ അറിയിച്ചു.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേര്‍ക്കാനാവില്ലെന്നായിരുന്നു നേരത്തെ വിസിയുടെ നിലപാട്. യോഗം ചേർന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തില്‍ എന്ത് നടപടിയെടുത്തെന്നു കേരള സര്‍വകലാശാലാ വി.സി ഡോ.മഹാദേവന് പിള്ള നേരത്തെ ഗവർണറോട് ആരാഞ്ഞിരുന്നു.
പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ആണ് വിസി ഇങ്ങനെ ചോദിച്ചത്.
ഇതിനെതിരെ താക്കീതുമായി ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്ന ചാന്‍സലറുടെ ഉത്തരവ് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ അന്ന് മറുപടി കത്ത് നൽകിയത്.
ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഈ മാസം 26 ന് മുന്‍പ് അറിയിക്കാന്‍ ഗവര്‍ണറുടെ ഓഫിസ് കേരള വിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.