ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമിന്റെ (30) മൃതദേഹമാണ് ഇന്ന് രാവിലെ കിളിയന്തറ 32-ാംമൈലിന് സമീപം ബാരാപോൾ പുഴയിൽ ഇരിട്ടി പോലീസ് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് റഹീം പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയായ റഹീം കർണാടകയിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറിലാണ് എത്തിയത്.
വാഹന പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചതിനെ തുടർന്ന് കാർ നിർത്തിയപ്പോൾ ഫോൺ വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ പ്രതി ചെക്ക്പോസ്റ്റിന്റെ വശത്തൂടെ പുഴയിലേക്കു ചാടുകയായിരുന്നു. വെള്ളിയാഴ്ച മുതൽ റഹീമിനായി തെരച്ചിൽ നടത്തി വരികയായിരുന്നു.