നെന്മാറ (പാലക്കാട്): കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം തുടരുന്നു. ജനവാസ കാർഷിക മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനകൾ കൃഷിനാശം തുടരുകയാണ്.കരിമ്പാറ കൽച്ചാടിയിലൂടെ വരുന്ന കാട്ടാനക്കൂട്ടവും, ചള്ള വഴി പൂഞ്ചേരിയിലുമാണ് കൃഷിയിടങ്ങൾ നശിപ്പിച്ചത്. പൂഞ്ചേരിയിലെ ഷാജഹാന്റെ 15 തെങ്ങുകൾ കഴിഞ്ഞ രണ്ടുദിവസംത്തിനകം കാട്ടാനകൾ നിലംപരിശാക്കി.
മരുതഞ്ചേരി കുന്നുപറമ്പ് ഷാജഹാന്റെ കൃഷിയിടത്തിൽ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് കാട്ടാനകളെത്തി നാശം വരുത്തുന്നത്.കൽച്ചാടിയിലെ കർഷകരായ എം. അബ്ബാസ്, പി. ജെ. അബ്രഹാം, ബലേന്ദ്രൻ തുടങ്ങിയവരുടെ റബർതോട്ടങ്ങളിലാണ് കാട്ടാനകൾ ചവിട്ടിനടന്ന് തോട്ടത്തിലെ പ്ലാറ്റ്ഫോമുകൾ ചളിക്കുളമാക്കിയത്.
കൽച്ചാടിയിൽ ആൾതാമസം ഒഴിഞ്ഞ പ്രദേശമായതിനാൽ ടാപ്പിംഗ് തൊഴിലാളികൾ മാത്രമാണ് ആനകളെ പേടിച്ച് രാവിലെ വളരെ വൈകി ടാപ്പിംഗ് നടത്തുന്നത്.പൂഞ്ചേരിയിലെ ഷാജഹാന്റെ കൃഷിയിടത്തിലേക്ക് ചെന്താമരാക്ഷൻ, ജോർജ് എന്നീ കർഷകരുടെ വീട്ടുവപ്പുകളിലൂടെയാണ് കാട്ടാനകൾ എത്തിയിട്ടുള്ളത്.
വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്്ഷൻ അധികൃതർ പടക്കവുമായി വാച്ചർമാരെ ചുമതലപ്പെടുത്തിയെങ്കിലും അർധരാത്രിവരെ രാത്രി മുഴുവൻ പടക്കം പൊട്ടിച്ച് വാച്ചർമാർ കാവൽ ഇരുന്നിട്ടും കാട്ടാനകളുടെ വരവിനു ശമനമായിട്ടില്ല.
വാച്ചർമാരായ റഷീദ്, ബാലൻ, ഷബീക്ക് എന്നിവർ ചേർന്ന് ആനകളെ കയറ്റിവിടുന്നുണ്ടെങ്കിലും മണിക്കൂറുകൾക്കകം മറ്റൊരു വഴിയിലൂടെ കാട്ടാനകൾ വീണ്ടും എത്തുകയാണ്. കാട്ടാനക്കൂട്ടത്തെ മറ്റേതെങ്കിലും സ്ഥലത്തേക്കു പിടിച്ചു മാറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.