സാക്ഷരതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്ത്യായനി മുത്തശ്ശിയെ തേടി കോമണ്‍വെല്‍ത്ത് സംഘമെത്തുന്നു! ലക്ഷ്യം, അന്താരാഷ്ട്ര തലത്തിലുള്ള വിദൂരവിദ്യാഭ്യാസത്തിന്റെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണം

മലയാളികളുടെ അഭിമാനം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിയവരില്‍ ഒരാളാണിന്ന് സാക്ഷരതാ പരീക്ഷയിലൂടെ മികവാര്‍ന്ന വിജയം നേടിയ, തൊണ്ണൂറ്റാറുകാരി മിടുക്കി, കാര്‍ത്ത്യായനിയമ്മ. ഇപ്പോഴിതാ അമ്മൂമ്മയുടെ പ്രശസ്തിയും മികവും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സംഭവമെന്തെന്നോ മലയാളികളുടെ മിടുക്കി മുത്തശ്ശി കാര്‍ത്ത്യായനിയമ്മയെ കാണാന്‍ കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘം വരുന്നു.

96 ാം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങിയത് അന്താരാഷ്ട്രസമൂഹം അദ്ഭുതത്തോടെയാണ് കാണുന്നതെന്നാണ് പ്രതിനിധികളുടെ വിലയിരുത്തല്‍. വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിങ് പ്രതിനിധികളാണ് വരുന്നത്.

വ്യാഴാഴ്ച ഇവര്‍ക്ക് കാര്‍ത്ത്യായനിയമ്മയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ തുടങ്ങി. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ് എന്ന ഖ്യാതിയും നമ്മുടെ മുത്തശ്ശിയ്ക്ക് സ്വന്തം. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ഡോ. ബാലസുബ്രഹ്മണ്യനാണ് സംഘത്തെ നയിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 51 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്തിലുള്ളത്.

കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വിദൂരവിദ്യാഭ്യാസത്തിന്റെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് കോമണ്‍വെല്‍ത്ത് ലേണിങ് ശ്രമിക്കുന്നത്. അതിനായാണ് കാര്‍ത്ത്യായനിയമ്മയെ നേരിട്ട് കാണുന്നത്. സ്‌കൂളിന്റെ പടിവാതില്‍ കണ്ടിട്ടില്ലാത്ത ഈ മുത്തശ്ശി നാലാംക്ലാസ് ലക്ഷ്യമിട്ടാണ് അക്ഷരലക്ഷം പരീക്ഷ എഴുതിയത്.

എന്നാല്‍ ഈ വിജയം മുത്തശ്ശിക്ക് പ്രചോദനമായി. ഇനി ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷ ജയിച്ചുകയറി ജോലി നേടുകയെന്ന ലക്ഷ്യത്തെപ്പറ്റിയാണ് കാര്‍ത്ത്യായനിയമ്മ പറയുന്നത്. തനിക്ക് കമ്പ്യൂട്ടര്‍ പഠിക്കണം എന്ന് കാര്‍ത്യയനി അമ്മ പറഞ്ഞപ്പോള്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ പഠനത്തിലാണ് കാര്‍ത്ത്യായനി മുത്തശ്ശി.

Related posts