പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് വിരുന്നു പോയതും സത്യപ്രതിജ്ഞയ്ക്ക് ഇന്ത്യയിലേക്ക് ക്ഷണിച്ചതും ആലിംഗനത്തിലൂടെയേ കാഷ്മീര്‍ പ്രശ്‌നം അവസാനിക്കൂ എന്ന ചെങ്കോട്ടയിലെ പ്രസംഗവും വിലപ്പോയില്ല; കാഷ്മീരില്‍ പാളിയത് മോദിയുടെ നയങ്ങളെന്ന് വിലയിരുത്തല്‍

രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണമാണ് കാഷ്മീരിലെ പുല്‍വാമയില്‍ നടന്നത്. ഇത്രയും അപ്രതീക്ഷിതമായി 43 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായത് ഏത് തലത്തില്‍ വന്ന വീഴ്ചയാണെന്നാണ് രാജ്യം ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആ ചോദ്യം ചെന്ന് നില്‍ക്കുന്നതാവട്ടെ, നരേന്ദ്രമോദി സര്‍ക്കാര്‍ നാലര വര്‍ഷം സ്വീകരിച്ചു പോന്ന ജമ്മു കാഷ്മീര്‍ നയങ്ങളിലും.

അതേക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന ഉത്തരങ്ങള്‍ ഇങ്ങനെ…’മോദി സര്‍ക്കാരിനു കാഷ്മീര്‍ വിഷയത്തില്‍ യഥാര്‍ഥത്തില്‍ ഒരു നയം തന്നെ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാനില്‍ നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരിക്കെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചും ലഹോറിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കു മിന്നല്‍ സന്ദര്‍ശനം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാപാക് ബന്ധം മെച്ചപ്പെടുത്താം എന്നു കരുതിയതു മുതല്‍ തുടര്‍ച്ചയായി പാളിച്ചകളാണുണ്ടായത്. ആലിംഗനത്തിലൂടെ മാത്രമേ കാഷ്മീര്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയ എന്ന് ചുവപ്പുകോട്ടയില്‍ നിന്നു മോദി പ്രഖ്യാപനം നടത്തിയെങ്കിലും പാക്കിസ്ഥാന്‍ ചെവിക്കൊണ്ടില്ല.

കാഷ്മീരില്‍ ബിജെപി പിഡിപി സഖ്യം ഭരിച്ച മൂന്ന് വര്‍ഷങ്ങളിലാണ്, രാജ്യത്ത് സൈനിക ക്യാംപുകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം ഉണ്ടായത്. കാഷ്്മീരില്‍ സൈനികശക്തി ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താം എന്ന കേന്ദ്രസര്‍ക്കാരിന്റെ നയവും പരാജയപ്പെട്ടു. കൂടുതല്‍ യുവാക്കളും വിദ്യാര്‍ഥികളും തീവ്രവാദ പാതയിലേക്കു തിരിയുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയത്.

Related posts