ന്യൂഡൽഹി: 2006ൽ പാക്കിസ്ഥാനിൽവച്ച് ലഷ്കർ ഇ തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയിദുമായി കൂടിക്കാഴ്ച നടത്തിയതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നെ പ്രശംസിച്ചുവെന്നും നേരിട്ടു നന്ദി പറഞ്ഞെന്നും ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക് പറഞ്ഞു.
ഏപ്രിൽ 25 ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ, 2006ലെ കൂടിക്കാഴ്ച പാക്കിസ്ഥാനുമായുള്ള സമാധാനപ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണെന്നും മാലിക് അവകാശപ്പെട്ടു.പാക് സന്ദർശനത്തിനു മുമ്പ്, അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ഡൽഹിയിൽവച്ച് കണ്ടിരുന്നതായും മാലിക് പറയുന്നു.
പാക്കിസ്ഥാൻ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, സയിദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനും അന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കാനും അവസരം ഉപയോഗിക്കണമെന്ന് മാലിക്കിനോട് ജോഷി അഭ്യർഥിച്ചതായി ആരോപിക്കപ്പെടുന്നു.
തീവ്രവാദനേതാക്കളെക്കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പാക്കിസ്ഥാനുമായുള്ള ചർച്ച അർഥവത്തല്ലെന്നു മുൻ പ്രധാനമന്ത്രി തന്നോടു പറഞ്ഞതായും മാലിക് അവകാശപ്പെടുന്നു. ഈ അഭ്യർഥന മാനിച്ച്, പാക്കിസ്ഥാനിൽ നടന്ന ചടങ്ങിൽ സയിദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ സമ്മതിച്ചതായി മാലിക് സത്യവാംഗ്മൂലത്തിൽ പറഞ്ഞു.
വർഷങ്ങൾക്കു ശേഷം ഈ കൂടിക്കാഴ്ച പ്രധാന ചർച്ചയായി മാറി. പാക്കിസ്ഥാൻ ഭീകര ഗ്രൂപ്പുകളുമായുള്ള മാലിക്കിന്റെ അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടു. മാലിക് തന്റെ സത്യവാംഗ്മൂലത്തിൽ ഇത് ഔദ്യോഗികമായി അംഗീകരിച്ചതാണെന്നും പിന്നീട് രാഷ്ട്രീയ ആവശ്യങ്ങൾക്കായി വളച്ചൊടിച്ചതാണെന്നും വാദിച്ചു.