തിരുവനന്തപുരം: ബാറ്റർമാർക്ക് ആഘോഷിക്കാൻ വകനല്കുന്ന പിച്ചൊരുങ്ങുന്നു. തല്ലേറ്റ് ബൗളർമാരും ഓടിയോടി ഫീൽഡർമാരും തളരുമോ എന്നതാണ് ചോദ്യം. കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരുടെ പറുദീസയാകുമെന്നു സൂചന.
കാര്യവട്ടത്ത് കുട്ടിക്രിക്കറ്റിന് ആരവമുണരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ പിച്ചുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒന്നാം സീസണിൽ ആദ്യ മത്സരങ്ങളിൽ ബൗളർമാരെ സഹായിച്ച പിച്ചായിരുന്നു. ടൂർണമെന്റ് പാതി പിന്നിട്ടപ്പോഴാണ് ബാറ്റർമാർക്ക് വെടിക്കെട്ട് പ്രകടനം നടത്താൻ കഴിഞ്ഞത്.
എന്നാൽ, ഇക്കുറി പൂർണമായും ബാറ്റർമാർക്ക് അനുകൂലമായ പിച്ചാവും ഒരുങ്ങുകയെന്നു ക്യുറേറ്റർ തന്നെ സൂചന നല്കുന്നു. ട്വന്റി-20യിൽ മികച്ച റണ്‍സ് ഉണ്ടെങ്കിലേ മത്സരം കൂടുതൽ കളറാവുകയുള്ളെന്നാണ് ക്യൂറേറ്റർ എ.എം. ബിജുവിന്റെ പക്ഷം.
മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ്
കർണാടകയിലെ മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകൾ തയാറാക്കുന്നത്. ബാറ്റിംഗിന് അനുയോജ്യമെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞാൽ ബൗണ്‍സ് ബൗളർമാരെയും തുണയ്ക്കുമെന്നാണ് ബിജുവിന്റെ അവകാശവാദം.
ഈ മാസം 21 മുതൽ സെപ്റ്റംബർ ആറുവരെയാണ് കേരളത്തിന്റെ സ്വന്തം കുട്ടിക്രിക്കറ്റ് മാമാങ്കം അരങ്ങേറുക. മത്സരത്തിനായി ആകെ അഞ്ചു പിച്ചുകളാണുള്ളത്. പരിശീലനങ്ങൾക്കായി വേറെയും പിച്ചുകൾ തയാറാകുന്നുണ്ട്. ബിജുവിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് പിച്ച് നിർമ്മിക്കുന്നത്.
ഒന്നാം സീസണിൽ മൂന്നു മത്സരങ്ങളിലാണ് സ്കോർ 200 നുമുകളിൽ എത്തിയത്. തിൽതന്നെ കലാശപ്പോരാട്ടത്തിൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം 213 റണ്‍സ് മറികടന്നാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാർസിനെതിരേ ജയം സ്വന്തമാക്കിയത്.
തോമസ് വർഗീസ്