വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് വന്‍തിരിച്ചടി ! മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തുമ്പോള്‍ അരൂരില്‍ മുന്നേറ്റമെന്ന് സൂചന…

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിനെ സംബന്ധിച്ച് പുറത്തു വരുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെടുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നത് യുഡിഎഫിന് ആശ്വാസമാകുകയാണ്.

23 വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായി തുടര്‍ന്ന മണ്ഡലമാണ് കോന്നി. അങ്ങനെയൊരു മണ്ഡലമാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പെട്ട് നഷ്ടമാവുന്നത്. എല്‍ഡിഎഫിന്റെ കെ.യു ജനീഷ് കുമാര്‍ ഏകദേശം വിജയം ഉറപ്പിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് വന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ഇവിടെയും നിര്‍ണായകമായി. എന്‍എസ്എസിന്റെ ശരിദൂരവും തുണച്ചില്ല. പ്രളയകാലത്ത് മേയറായിരുന്ന വി.കെ പ്രശാന്തിന് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിയ പ്രശസ്തിയും യുവാക്കളെ പ്രശാന്തിലേക്കടുപ്പിച്ചു. എം. സി ഖമറുദ്ദീനും എറണാകുളത്ത് ടി.ജെ വിനോദും പ്രതീക്ഷിച്ചതു പോലെ തന്നെ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 89 വോട്ടിന് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ട മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്താണ്.

Related posts