തൊടുപുഴ: കേരള പോലീസിന്റെ സോഷ്യൽ പോലീസ് വിംഗിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശീലനം നേടിയത് 95,000 പേർ. കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയാൻ അവരെ സ്വയം പ്രാപ്തരാക്കാനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിനു കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് ഈ മുന്നേറ്റം. 2015-ലാണ് ഇത്തരമൊരു പരിശീലനത്തിനു തുടക്കമിടുന്നത്. 10 വർഷത്തിനിടയിലാണ് ഇത്രയും പേർ പരിശീലനം നേടിയത്.
കളരി, കരാട്ടേ, ജൂഡോ
വീടുകളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്ത്രീകൾക്കും പെണ്കുട്ടികൾക്കുമെതിരേ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമങ്ങളിൽനിന്നു രക്ഷപ്പെടാൻ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. അപരിചിതരുടെ നീക്കങ്ങൾ തിരിച്ചറിയൽ, മോഷണശ്രമങ്ങൾ, ആസിഡ്, പെട്രോൾ ആക്രമണം തുടങ്ങിയവ നേരിട്ടാൽ എതിരാളിയെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മറ്റ് മാർഗങ്ങൾ തേടാനുമുള്ള അവസരം ഇതിലൂടെ പ്രാപ്തമാകും.
എന്തൊക്കെ തരത്തിൽ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം തുടങ്ങിയവയൊക്കെ ക്ലാസിൽ വിശദീകരിക്കും. പിന്നീട് പ്രായോഗിക പരിശീലനവും നൽകും. ഇതിന് കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ആയോധന കലകളിലെ മുറകളാണ് സ്വീകരിക്കുന്നത്. ഗുഡ് ടച്ച് , ബാഡ് ടച്ച്, പോക്സോ നിയമം എന്നിവയിൽ ബോധവത്കരണവുമുണ്ട്. പ്രായഭേദമെന്യേ സ്ത്രീകൾക്കു പരിശീലനത്തിൽ പങ്കെടുക്കാം.
സൗജന്യ പരിശീലനം
കുടുംബശ്രീ അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ലോട്ടറി തൊഴിലാളികൾ, ലയണ്സ് ക്ലബ്ബുകൾ, സ്കൂൾ, കോളജുകൾ എന്നിവ അടക്കം താത്പര്യമുള്ള ഏതൊരു സംഘടനയ്ക്കും വ്യക്തികൾക്കും പദ്ധതിയുടെ ഭാഗമാകാം.
താത്പര്യള്ളവർ അറിയിച്ചാൽ സൗജന്യ പരിശീലനം നൽകും. തുടർ പരിശീലനം ആവശ്യമെങ്കിൽ അതും നൽകും.പരിശീലന പരിപാടിയുടെ ഭാഗമായി ബെവ്കോ ജീവനക്കാരായ 54 വനിതകൾക്കും പരിശീലനം നൽകി. തൊടുപുഴ സ്റ്റേഷനിലെ ജനമൈത്രി യാർഡിലായിരുന്നു പരിശീലനം.
ഔട്ട്ലെറ്റിലും ഗോഡൗണിലും ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇവർ. ഇതിനു പുറമേ ഐഎംഎയുമായി സഹകരിച്ച് നിരവധി ആശുപത്രി ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാർക്കും ഹോട്ടൽ ജീവനക്കാർക്കും അടക്കം പരിശീലനം നൽകിയിട്ടുണ്ട്. ആണ്കുട്ടികൾക്കു പരിശീലനം നൽകുന്ന പദ്ധതിയും പരിഗണനയിലാണ്.
വനിതാ പോലീസ് ഓഫീസർമാരായ ടി.ജി. ബിന്ദു, കെ.എസ്. സോഫിയ, അഞ്ജു ഷാജി, ടി.ജി. ബിന്ദുമോൾ എന്നിവരാണ് പരിശീലനം നൽകുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന നോഡൽ ഓഫീസറും അഡീഷൽ എസ്പി ഇമ്മാനുവൽ പോൾ ജില്ലാ നോഡൽ ഓഫീസറുമാണ്. പരീശീലനത്തിനായി http://addlspidk.polkerala.gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കണം. ഫോണ്: 9497912649.