ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളത്തിന്റെ മിന്നും തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ കേരളം 10 വിക്കറ്റിന് ഒഡീഷയെ കീഴടക്കി. 21 പന്ത് ബാക്കിനില്‍ക്കേയാണ് കേരളത്തിന്റെ ജയം.
സെഞ്ചുറി നേടിയ രോഹന് കുന്നുമ്മലും അര്‍ധസെഞ്ചുറിയുമായി ക്രീസില്തുടര്ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് കേരളത്തിനു മിന്നും ജയമൊരുക്കിയത്. സ്കോര്‍: ഒഡീഷ 20 ഓവറില്‍ 176/7. കേരളം 16.3 ഓവറില്‍ 177/0.
ഓപ്പണിംഗ് റിക്കാര്‍ഡ്
ഒഡീഷ മുന്നോട്ടുവച്ച 177 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം അനായാസമാണ് എത്തിയത്. 60 പന്തില്‍ 10 വീതം സിക്സും ഫോറുമായി രോഹന് കുന്നുമ്മല്‍ 121 റണ്‍സുമായും 41 പന്തില്‍ ഒരു സിക്സും ആറ് ഫോറുമായി സഞ്ജു സാംസണും പുറത്താകാതെ നിന്നു. രോഹന് 22 പന്തില്‍ അര്‍ധസെഞ്ചുറിയും 54 പന്തില്‍ സെഞ്ചുറിയും കടന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ റിക്കാര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് രോഹനും സഞ്ജുവും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 2023ല്‍ ചണ്ഡിഗഡിന്റെ മനന്‍ വോറയും അര്ജുന് ആസാദും ചേര്‍ന്ന് ഓപ്പിംഗ് വിക്കറ്റില്‍ 159 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഒഡീഷയുടെ ടോപ് സ്കോറര്‍ ക്യാപ്റ്റന്‍ ബിപ്ലവ് (41 പന്തില്‍ 53) സമന്തരയായിരുന്നു. കേരളത്തിനായി എം.ഡി. നിധീഷ് 35 റണ്‍സ് വഴങ്ങി നാലും കെ.എം. ആസിഫ് 24 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

