കാസര്‍ഗോഡ്: കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിമുക്ത കാമ്പയിന് കിക്ക് ഡ്രഗ്സ് പ്രചാരണ സന്ദേശയാത്ര നാളെ കാസര്‍ഗോട്ടുനിന്ന് ആരംഭിക്കും. 14 ജില്ലകളിലൂടെ കടന്ന് 22നു എറണാകുളം ജില്ലയില്‍ അവസാനിക്കും.
എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തണ്‍, വാക്കത്തണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നത്. നാളെ രാവില ആറിന് ഉദുമ പാലക്കുന്നുനിന്ന് ആരംഭിക്കുന്ന മിനി മാരത്തണ്‍ മത്സരം ജില്ലാ പോലീസ് മേധാവി ഫളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റില്‍ അവസാനിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ എട്ടിന് കളക്ടറേറ്റ് പരിസരത്തു നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വാക്കത്തോണ്‍ നടത്തും. ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന വാക്കത്തോണിന് കായികമന്ത്രി വി.അബ്ദുറഹ്മാന് നേതൃത്വം നല്‍കും. വാക്കത്തോണിനെ തുടര്‍ന്ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു നടക്കും. മന്ത്രി വി.അബ്ദുറഹ്മാന് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ജില്ലയിലെ സമാപനം ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്ന് ആരംഭിച്ച് ദേശീയപാതയിലൂടെ കാലിക്കടവ് ഗ്രൗണ്ടില്‍ സമാപിക്കും.