കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരം ! ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യനില വഷളായതായി അമേരിക്കന്‍ മാധ്യമങ്ങള്‍…

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.

യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.

ഏപ്രില്‍ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. ഏപ്രില്‍ 12നാണ് കിമ്മിനെ ഹൃദയശസ്ത്ര ക്രിയയ്ക്ക് വിധേയനാക്കുന്നത്.

എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കിമ്മിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവിധ യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്നുള്ള സൂചന ഉത്തരകൊറിയയില്‍ നിന്നല്ലെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് ദക്ഷിണ കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കൊറിയകളുടെ ആഭ്യന്തര കാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയവും അറിയിച്ചു.

ഏപ്രില്‍ 11നു ശേഷം കിം പൊതുവേദികളില്‍ എത്തിയിട്ടില്ല. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സൂങ്ങിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 15ന് നടന്ന ആഘോഷങ്ങളിലും കിം പങ്കെടുത്തില്ല. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

അതേ സമയം കിമ്മിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് സോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയന്‍ വെബ്‌സൈറ്റ് ‘ഡെയ്ലി എന്‍കെ’ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു.

ഹ്വാങ്‌സാനിലെ ആശുപത്രിയില്‍ ഏപ്രില്‍ 12ന് ശസ്ത്രക്രിയയ്ക്കു വിധേയനായ കിം, തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകള്‍ക്കു വീക്കം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കിം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

ശസ്ത്രക്രിയയെത്തുടര്‍ന്ന് ഉത്തര കൊറിയയ്ക്കു കിഴക്ക് മൗണ്ട് കുംഗാങ്ങിലെ ഒരു വില്ലയില്‍ കിം വിശ്രമിക്കുകയാണെന്നും ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കൊറിയന്‍ വിശുദ്ധ പര്‍വതമായ പക്തു സന്ദര്‍ശിച്ചതും സമീപകാലത്ത് തുടര്‍ച്ചയായി സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതും പൊതു പരിപാടികളില്‍ പങ്കെടുത്തതുമെല്ലാം കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ ഇടയാക്കിയെന്നും ഈ വെബ്‌സൈറ്റില്‍ പറയുന്നു. ഉത്തര കൊറിയ കോവിഡ് വിമുക്തമാണെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്.

Related posts

Leave a Comment