കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണ കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം തേടി പ്രത്യേക അന്വേഷണസംഘം മെറ്റയ്ക്ക് കത്ത് നല്കി. മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വൈകാതെ മറുപടി ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കെ.എം. ഷാജഹാന്റെ യുട്യൂബ് ചാനലടക്കം നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് കെ.ജെ. ഷൈന്‍ പരാതി നല്‍കിയിട്ടുള്ളത്. ഇന്നലെ പറവൂരിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച തെളിവുകളും കെ.ജെ. ഷൈന്‍ കൈമാറിയിട്ടുണ്ട്. ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റ് ഇട്ട കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്തേക്കും.
എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്, യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന് എന്നിവരാണ് പ്രതികള്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് ഐടി നിയമത്തിലെ അറുപത്തി ഏഴാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ കെ.എം. ഷാജഹാന്റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പി.വി. ശ്രീനിജന് എംഎല്‍എ ഡിജിപിക്ക് പരാതി നല്കി. ലൈംഗിക ആരോപണത്തില്‍ തന്നെയും പുകമറയില്‍ നിര്‍ത്തുന്നുവെന്നാണ് പരാതി. ഡിജിപിക്കാണ് എംഎല്‍എ വിശദമായ പരാതി നല്‍കിയത്. ലൈംഗിക ആരോപണത്തില്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എ എന്ന് യൂട്യൂബ് ചാനലില്‍ പറഞ്ഞതില്‍ അപകീര്‍ത്തി ആരോപിച്ചാണ് ശ്രീനിജന് എംഎല്‍എ പരാതി നല്‍കിയത്.