കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മയുടെ മൊഴി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.
അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായുമാണ് കുട്ടിയുടെ അമ്മയുടെ മൊഴി. ഭര്‍തൃവീട്ടില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കഴിവു കുറഞ്ഞ സ്ത്രീ എന്ന നിലയിലാണ് എല്ലാവരും പെരുമാറിയിരുന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിരുന്നതായി തനിക്ക് വിവരം ലഭിക്കുകയുണ്ടായി. രണ്ടാനമ്മയ്ക്കൊപ്പം കുഞ്ഞ് ജീവിക്കുന്നത് ദു:സ്വപ്നം കാണുകയും ഉണ്ടായി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. അതേസമയം, കുഞ്ഞിനെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലാണ് ഇവര്‍ പറയുന്നത്.
അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ച അമ്മയെ ഇന്നലെ രാത്രി പത്തു വരെ ചോദ്യം ചെയ്തെങ്കിലും അവര്‍ കൂടുതല്ലൊന്നും പറഞ്ഞില്ല. അതിനു ശേഷം ഇന്നു പുലര്‍ച്ചെ വരെയുള്ള ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ചെങ്ങമനാട് പോലീസ് ഇവരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
അച്ഛന്റെ അടുത്ത ബന്ധുവിനായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
പോക്സോ കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. കുഞ്ഞിന് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്. കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍.
പോക്സോ കേസില്‍ ബലാത്സംഗം, അടുത്ത ബന്ധുവില്‍നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേര്‍ക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫൊറന്‍സിക് സംഘം കുട്ടിയും പ്രതിയും താമസിച്ചിരുന്ന വീടുകളിലെത്തിയിരുന്നു. പ്രതിയുടെ വസ്ത്രങ്ങളും കുട്ടിയുടെ ഉടുപ്പുകള്‍, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിക്കുകയുണ്ടായി. ഇതില്‍ നിന്നെല്ലാം നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് വിവരം. കസ്റ്റഡിയില്‍ വാങ്ങി ഇയാളെയും കുട്ടിയുടെ അമ്മയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കൊലപാതകം ചെങ്ങമനാട് പോലീസും പോക്സോ കേസ് പുത്തന്‍കുരിശ് പോലീസുമാണ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന് 22 അംഗ പ്രത്യേക സംഘം
രണ്ടു കേസുകളും അന്വേഷിക്കുന്നത് എറണാകുളം റൂറല്‍ പോലീസ് എസ്പി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള 22 അംഗ പ്രത്യേക സംഘമാണ്. ആലുവ ഡിവൈഎസ്പി ടി.ആര്. രാജേഷ്, പുത്തന്‍കുരിശ് ഡിവൈഎസ്പി വി.ടി. ഷാജന്, ചെങ്ങമനാട് പോലീസ് ഇന്‍സ്പെക്ടര്‍ സോണി മത്തായി, പുത്തന്‍കുരിശ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
കഴിഞ്ഞ 19 നായിരുന്നു കുട്ടിയെ അമ്മ പുഴയിലെറിഞ്ഞത്. അങ്കണവാടിയില്‍നിന്ന് അമ്മയ്ക്കൊപ്പം പോയ മൂന്നു വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്കിയ ആദ്യ മൊഴി.
ഇതിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പോലീസിനോട് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്വന്തം ലേഖിക